ഡെറാഡൂണ്‍ : സോഷ്യല്‍ മീഡിയയില്‍ നല്ല നടപ്പാണെങ്കില്‍ മാത്രമേ ഇനി ഉത്തരാഖണ്ഡില്‍ പാസ്‌പോര്‍ട്ട് ലഭിയ്ക്കുകയുള്ളൂ. സ്ഥലത്ത് യാതൊരു പ്രശ്‌നവും ഇല്ലാത്തയാളാണെന്ന് പൊലീസിന്റെ വെരിഫിക്കേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് പാസ്‌പോര്‍ട്ട് കിട്ടുന്നത്. ഇതിനെല്ലാം പുറമെ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ കൂടി പരിശോധിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തരാഖണ്ഡ് പൊലീസ്.
പാസ്‌പോര്‍ട്ട് അനുവദിയ്ക്കുന്നതിന് സോഷ്യല്‍ മീഡിയയിലെ സ്വഭാവം കൂടി പരിശോധിയ്ക്കാന്‍ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനായാണ് നടപടിയെന്ന് അശോക് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഇത് പുതിയതായി നടപ്പാക്കുന്ന കാര്യമല്ലെന്നും പാസ്‌പോര്‍ട്ട് നിയമത്തിലുള്ള ചട്ടത്തിന്റെ നിര്‍വ്വഹണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
” ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രേഖ നല്‍കരുതെന്ന് പാസ്‌പോര്‍ട്ട് നിയമത്തില്‍ ഒരു ചട്ടമുണ്ട്. ഈ ചട്ടത്തിന്റെ നിര്‍വ്വഹണത്തെ കുറിച്ചാണ് ഞാന്‍ സംസാരിയ്ക്കുന്നത്. ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ നമ്മുടെ ഭരണഘടന നിര്‍വ്വചിയ്ക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ പെടുന്ന കാര്യങ്ങള്‍ക്കെതിരെ ഞാന്‍ നിലകൊള്ളും.” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments