ലോകം മുഴുവൻ ഭീതി വിതച്ച കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിൻ കുത്തിവയ്പിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രാധാന്യം നൽകുകയാണ്. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്ത ‘കോവിഷീല്‍ഡ്’ വാക്സിനു വേണ്ടി ലോക രാജ്യങ്ങൾ കരാർ നൽകിയിരിക്കുകയാണ്. ഇപ്പോഴിതാ റഷ്യൻ വാക്സിൻ സ്പുട്നിക് 5 ന്റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഇടക്കാല റിപ്പോർട്ട് പുറത്ത്. ലാൻസറ്റ് ജേണലിൽ ഫെബ്രുവരി രണ്ടിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ വാക്സിൻ ഫലപ്രദമാണെന്നു റിപ്പോർട്ട്. 3:1 റാൻഡമൈസേഷൻ പ്രക്രിയയിലൂടെ 14,964 പേർക്ക് വാക്സിൻ നൽകി. താരതമ്യം ചെയ്യാനായി 4902 പേർക്ക് (പ്ലാസിബോ) നൽകിയതിനു ശേഷം നടത്തിയ നിരീക്ഷണത്തിൽ രോഗം വരാതെ തടുക്കുന്നതിൽ ഈ വാക്സിന് 91.6 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
read also:കുവൈറ്റില്‍ കോവിഡ് മരണം; രാജ്യത്ത് ഇന്ന് 756 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
ഒന്നരമാസക്കാലം നീണ്ട നിരീക്ഷണകാലത്ത് വാക്സിൻ നൽകിയ ഗ്രൂപ്പിലെ ആർക്കും ഗുരുതരമായ കോവിഡ് രോഗം ഉണ്ടായില്ല. എന്നാൽ പ്ലാസിബോ ഗ്രൂപ്പിലെ 20 പേർക്ക് രോഗം ബാധിച്ചു. കൂടാതെ ഈ കാലയളവിൽ വാക്സിൻ സ്വീകരിച്ച 14,964 പേരിൽ 16 പേർക്ക് (0.1 ശതമാനം) കോവിഡ് 19 സ്ഥിരീകരിച്ചു. പ്ലാസിബോ ഗ്രൂപ്പിൽ 4902 പേരിൽ 62 പേർക്കും(1.3 ശതമാനം) കോവിഡ് സ്ഥിരീകരിച്ചു..
പ്രായമായവരിലും ഈ വാക്സിൻ ഫലപ്രദമായിരുന്നു എന്നത് ആരോഗ്യമേഖലയിൽ ഏറെ ആശ്വാസകരമായ റിപ്പോർട്ട് ആണ്. ഈ വാക്സിന്റെ ഫലം പുറത്തുവന്നത് ഇന്ത്യയ്ക്കും ആശ്വാസകരമാണ്. കേരളത്തില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന അസ്ട്രഓക്സ്ഫോര്ഡിന്റെ ഇന്ത്യന്‍ നിര്‍മിത ‘കോവിഷീല്‍ഡ്’ വാക്സിനുമായി സമാനതകളുള്ളതാണ് റഷ്യയുടെ സ്പുട്നിക് വാക്സിൻ.
Post Your Comments