Latest NewsKeralaNews

കിണറ്റില്‍ വീണ കുഞ്ഞിനെ ആളെക്കൂട്ടി രക്ഷിച്ചു ; മക്കളെ നിഷ്‌കരുണം ഉപേക്ഷിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് മാതൃകയായി ഒരു നായ

കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായതോടെ അമ്മ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കുകയായിരുന്നു

കോട്ടയം : മക്കളെ നിഷ്‌കരുണം ഉപേക്ഷിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് മാതൃകയായിരിയ്ക്കുകയാണ് ഒരു നായയുടെ പ്രവൃത്തി. കോട്ടയം ഐഡ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കിണറ്റില്‍ വീണ തന്റെ കുഞ്ഞിനെ രക്ഷിയ്ക്കാന്‍ തെരുവ് നായ ബഹളം വെച്ച് ആളെ കൂട്ടുകയായിരുന്നു. നായയുടെ എട്ട് നായ്ക്കുട്ടികള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു നായ്ക്കുട്ടി കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായതോടെ അമ്മ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മാധ്യമ സ്ഥാപനത്തിലേക്ക് ഓടിയും തിരികെ കിണറിന്റെ അടുത്തെത്തിയും ആളുകളെ ആകര്‍ഷിയ്ക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ബ്യൂറോ ചീഫായ സരിത കൃഷ്ണന്‍ ഓഫീസിന് പുറത്തിറങ്ങിയപ്പോള്‍ അവരുടെ വസ്ത്രത്തില്‍ കടിച്ച് വലിച്ച് കിണറിന് അടുത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമമായി. നായ്ക്കുട്ടി കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും കയറുമൊക്കെയായി നായ്ക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങി.

മൃഗസ്നേഹികളുടെ സംഘടനയായ കോട്ടയം ആരോയിലെ അംഗം എ ഫാത്തിമയെയും സരിത വിവരമറിയിച്ചു. ഫാത്തിമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് അംഗം മനോജും എത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്സും സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവരും നായ്ക്കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് കോടിമതയിലെ മൃഗാശുപത്രിയിലെത്തിച്ചു. പരിചരണത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വീണ്ടും അമ്മയുടെ അരികില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button