എഴുകോൺ : ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി. വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ ഷാജി( 51) ആണ് അറസ്റ്റ് ചെയ്തത്. മാറനാട് എൽപി സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന മാറനാട് മലയിൽ രതീഷ് വിലാസത്തിൽ രതീഷ്കുമാറിന്റെ കയ്യിൽ നിന്നുമാണ് ഇയാൾ പണം തട്ടിയെടുത്തത്.
ഈ മാസം 14ന് ആയിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാജി നമ്പർ തിരുത്തിയ സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റ് രതീഷിനെ എൽപിക്കുകയായിരുന്നു. അവസാനത്തെ 8 എന്ന അക്കം 3 എന്ന് തിരുത്തിയ ടിക്കറ്റാണ് നൽകിയത്. നൽകിയ നമ്പരിന് 1000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചപ്പോൾ 10 ടിക്കറ്റും ബാക്കി 600 രൂപ പണമായും കൈപ്പറ്റുകയും ചെയ്തു. പിന്നീട് ലോട്ടറി മൊത്ത വിതരണ ഏജൻസിയെ സമീപിച്ചപ്പോഴാണ് രതീഷിനു തട്ടിപ്പ് മനസ്സിലായത്.
സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കരിക്കോട് നിന്നാണ് പ്രതിയെ കുടുക്കിയത്.
Post Your Comments