കെ കെ അനീഷ് കുമാർ
കേരളത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഭവനരഹിതര്‍ക്ക്
വേണ്ടി നടപ്പിലാക്കിയിട്ടുള്ളത് പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ(അര്‍ബന്‍)) പദ്ധതിയാണ്. ഇത് പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലായി എഴുപത്തയ്യായിരത്തോളം വീടുകള്‍ പണിത് നല്‍കി കഴിഞ്ഞു. ഒരു വീടിന് 4 ലക്ഷം രൂപയാണ് ഭവനരഹിതര്‍ക്ക് നിര്‍മ്മാണത്തിന് നല്‍കുന്നത്. ഇതില്‍ 2 ലക്ഷം രൂപ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കുന്നതും ഒന്നര ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതും അമ്പതിനായിരം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതുമാണ്. ഈ കേന്ദ്ര പദ്ധതിയാണ് ഇന്ന് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലൂടെ താക്കോൽദാനം എന്ന് പേരിട്ട് കൊട്ടിഘോഷിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ അടിച്ച് മാറ്റാന്‍ പദ്ധതിയിട്ടത്. 150000 രൂപ നൽകുന്ന കേന്ദ്ര സർക്കാരിനെ മറച്ച് വെച്ച് വെറും 50000 രൂപ നൽകുന്ന സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയാണെന്ന് ഉദ്ഘോഷിക്കാൻ ഒട്ടും ഉളുപ്പില്ലാത്ത എട്ടുകാലി മമ്മൂഞ്ഞ് മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും മാത്രമേ കഴിയൂ.
സംസ്ഥാന സര്‍ക്കാര്‍ അമ്പതിനായിരം രൂപ നല്‍കാന്‍ തുടങ്ങിയതോടെ അതുവരെ പാവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വീട് അറ്റകുറ്റ പണികള്‍ക്ക് നല്‍കിയിരുന്ന അമ്പതിനായിരം രൂപ ഇല്ലാതാക്കി. ഇന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ സര്‍ക്കാര്‍ വക അറ്റകുറ്റപണി ഗ്രാന്റ് ഇല്ല. കേരള സര്‍ക്കാരിന്റെ സ്വന്തം ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫിന്റെ കൂടെ പി.എം.എ.വൈ(അര്‍ബന്‍) എന്ന് കൂട്ടിച്ചേര്‍ത്ത് കൊണ്ട് ഇതൊരു ഒറ്റ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും
ലൈഫ് പദ്ധതി നടപ്പിലാക്കിയിട്ടു പോലുമില്ല.
അഖിലേന്ത്യാ തലത്തില്‍ കോടിക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഈ ഭവനപദ്ധതി അടിച്ച് മാറ്റുന്നതിന് വേണ്ടി അസാധാരണമായ ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഈ പരിപാടിയുടെ തട്ടിപ്പ് പ്രചരണ ഉദ്ഘാടന മാമാങ്കത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവയുടെ ഫണ്ടില്‍ നിന്ന് തുക ചിലവഴിക്കുന്നതിന് യഥേഷ്ടാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി കഴിഞ്ഞു. ഈ യഥേഷ്ടാനുമതി ഓഡിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതിയായ എണ്ണം പോസ്റ്റര്‍, ബോര്‍ഡുകള്‍, ബാനറുകള്‍ തയ്യാറാക്കാന്‍ സംഘാടകസമിതി രൂപീകരിച്ച് മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗുണഭോക്തൃകുടുംബസംഗമവും സദ്യകളും സല്‍ക്കാരങ്ങളും സംഘടിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി അടിച്ച് മാറ്റൽ പ്രചരണത്തിലൂടെ വലിയ അഴിമതിക്കും ധൂര്‍ത്തിനും അവസരമൊരുങ്ങുകയാണ്.
തുകയുടെ യഥേഷ്ടാനുമതി എന്ന സര്‍ക്കാര്‍ ഉത്തരവിലെ പ്രയോഗം തന്നെ ഫണ്ട് തട്ടിപ്പിനുള്ള സന്ദേശമാണ് നല്‍കുന്നത്.കേന്ദ്രം നൽകിയ അരിയും പയറും കടലയും കാറ്റിലാക്കി തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയ പിണറായി സർക്കാർ മോദിജി നൽകിയ വീടും സ്വന്തം പേരിലാക്കി നിയമസഭാ തെരെഞ്ഞെടുപ്പിൽ ജനങ്ങളെ പറ്റിച്ച് വോട്ട് തട്ടാനുള്ള പരിപാടിയിലാണ്.
Post Your Comments