ബെയ്ജിങ് : കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ കൂട്ടമായുള്ള കോവിഡ് വ്യാപനം കണ്ടെത്താൻ പുതിയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ ശേഖരിച്ചാണ് സാധാരണഗതിയില്‍ കോവിഡ് പരിശോധന നടത്തുന്നത്. എന്നാല്‍ മലദ്വാരത്തില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കെടുക്കുന്ന പുതിയ രീതി നടപ്പാക്കുകയാണ് ചൈന.
കൂടുതൽ ആളുകളിലും കോവിഡ് വന്നുപോകുന്നത് അറിയുന്നില്ലെന്നും പരിശോധനയില്‍ അത് കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയില്‍ സാമ്പിള്‍ ശേഖരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. രണ്ട് മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ മലദ്വാരത്തിലേക്ക് ഒരു ഉപ്പുവെള്ളത്തില്‍ കുതിര്‍ത്ത കോട്ടണ്‍ കടത്തിയാണ് സാംപിള്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ച് വൈറസിന്റെ സജീവത തെളിയിക്കുകയാണ്.
അതേസമയം ശ്വാസകോശത്തില്‍ കൊറോണ വൈറസ് അവശേഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദിവസം മലദ്വാരത്തിലും സമീപത്തുമായി വൈറസ് കണ്ടേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാൽ ഇതിനെതിരെ ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘വെയ്ബോ’യില്‍ വ്യാപകമായി ക്യാംപയിനാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അപമാനകരമായ രീതിയാണെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
Post Your Comments