ന്യൂഡൽഹി: അതിർത്തിയിലെ സൈനികരുടെ സേവനത്തെ മോശമായി ചിത്രീകരിച്ച രാഹുൽ ഗാന്ധിയുടെ വാക്കുകൾക്കെതിരേ മുതിർന്ന സൈനികരുടെ പ്രതിഷേധം. ചൈനയുമായുളള സംഘർഷം പരാമർശിക്കവേയാണ് അതിർത്തിയിൽ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ പറഞ്ഞത്. ഇന്ത്യയിലെ തൊഴിലാളികളും കർഷകരും മാത്രം മതി ചൈനയെ തടുക്കാനെന്നും അതിർത്തി കടക്കാൻ ചൈനയ്ക്ക് പിന്നെ ധൈര്യമുണ്ടാവില്ലെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. സൈനികരുടെ ആത്മവീര്യം കെടുത്തുന്നതാണ് രാഹുലിന്റെ വാക്കുകളെന്നും പരാമർശം സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വിമുക്തഭടൻമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട് സന്ദർശിക്കുന്ന രാഹുൽ അവിടെ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് അതിർത്തിയിലെ സൈനികരെ മോശമായി ചിത്രീകരിച്ചത്. ചൈനയിൽ നിന്നും ഇന്ത്യയെ സംരക്ഷിക്കാൻ നിങ്ങൾ കരസേനയെയും വ്യോമസേനയെയും നാവികസേനയെയും ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യയിലെ കർഷകരെയും തൊഴിലാളികളെയും ഇതിനായി ചുമതലപ്പെടുത്തിയാൽ സൈന്യത്തിന്റെ ആവശ്യം വരില്ലെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇവരെ ചുമതലപ്പെടുത്തിയാൽ സൈന്യം അവിടെ കാഴ്ചക്കാരായി നിൽക്കുകയേ ഉളളൂവെന്നും രാഹുൽ പറഞ്ഞിരുന്നു. ചൈനയ്ക്ക് ഇന്ത്യയിലേക്ക് കടന്നുവരാനും ധൈര്യമുണ്ടാകില്ല. നരേന്ദ്രമോദി സർക്കാരിനെ ആക്രമിക്കുന്നതിനിടെ ആയിരുന്നു രാഹുലിന്റെ വിവാദ പരാമർശം.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ സൈനികർ നടത്തിയ മഹത് ത്യാഗങ്ങളെയും രാഹുൽ വി്സ്മരിച്ചതായി ഒരു സംഘം വിമുക്തഭടൻമാർ ഒപ്പുവെച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാഹുൽ ഗാന്ധി പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയ്യാറാകണം. രാജ്യത്തിന് അകത്തും പുറത്തുമുളള ശത്രുക്കളിൽ നിന്നുളള ഭീഷണികൾ നേരിടുന്നതിന് രാജ്യം അപര്യാപ്തമാണെന്നാണ് ഇത്തരം വിവേകശൂന്യമായ പ്രസ്താവനകൾ വിരൽ ചൂണ്ടുകയെന്നും അവർ കുറ്റപ്പെടുത്തി.
രാജ്യത്തെ കർഷകരെയും തൊഴിലാളികളെയും അങ്ങേയറ്റം മാനിക്കുന്നു. അതിനൊപ്പം തന്നെ സൈനികരുടെയും സമർപ്പിത ജീവിതമാണ്. അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ പരിശീലനം സിദ്ധിച്ച പ്രഫഷണലുകളാണ് ഇന്ത്യൻ സൈന്യം. രാഹുലിന്റെ വാക്കുകൾ ഭാവിതലമുറയെപ്പോലും തെറ്റിദ്ധരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
Post Your Comments