കോഴിക്കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകള്‍ക്കെതിരെ ഫേസ്ബുക്കിലുടെ അശ്ലീല പരാമര്‍ശം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പരാതി നല്‍കി ബിജെപി. പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെയാണ് പരാതി. ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ വി.കെ സജീവനാണ് മേപ്പയ്യൂര്‍ പോലിസില്‍ പരാതി നല്‍കിയത്.
എന്നാൽ പേരാമ്പ്രയ്ക്കടുത്ത് പെരുഞ്ചീരിക്കടവിലെ അജ്നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രകടനം നടത്തി. സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്നാസ് പറഞ്ഞു. എന്നാല്‍, അജ്‌നാസ് സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിതെന്നും നാട്ടിലെ സുഹൃത്തുക്കളെല്ലാം ഈ അക്കൗണ്ടില്‍ ഇയാളുടെ ഫ്രണ്ട്‌സാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കെ.സുരേന്ദ്രന്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് അശ്ലീല പരാമര്‍ശവുമായി ഒരുകൂട്ടം ആളുകള്‍ എത്തിയത്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ എന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. നേതാക്കളെ പറഞ്ഞാല്‍ സഹിക്കും. പക്ഷേ, വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments