Latest NewsIndiaNews

പ്രസംഗിക്കാന്‍ എത്തിയപ്പോൾ സദസ്സില്‍നിന്ന് ‘ജയ് ശ്രീറാം’ വിളി; 30 സെക്കന്‍ഡില്‍ പ്രസംഗം അവസാനിപ്പിച്ച് മമത

ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങള്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികാഘോഷച്ചടങ്ങില്‍ 30 സെക്കന്‍ഡില്‍ പ്രസംഗം അവസാനിപ്പിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മമത പ്രസംഗിക്കാന്‍ എത്തിയപ്പോൾ സദസ്സില്‍നിന്നു ‘ജയ് ശ്രീറാം’ വിളികളുമായി പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം നടന്നതോടെയാണ് 30 സെക്കന്‍ഡില്‍ പ്രസംഗം നിര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.

എന്നാൽ വിക്ടോറിയ മെമോറിയല്‍ ഹാളിലെ ചടങ്ങില്‍, മമത പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണു ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നത്. ഇതോടെ 30 സെക്കന്‍ഡില്‍ മമത പ്രസംഗം അവസാനിപ്പിച്ചു. ‘പരിപാടി ഏതെങ്കിലും പാര്‍ട്ടിയുടേതല്ല, സര്‍ക്കാരിന്റേതാണ്. അന്തസ്സു കാട്ടണം. ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കരുത്’ മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ പരിപാടി സംഘടിപ്പിച്ചതിനു പ്രധാനമന്ത്രിക്കും സാംസ്‌കാരിക മന്ത്രാലയത്തിനും നന്ദി പറഞ്ഞു വാക്കുകള്‍ അവസാനിപ്പിച്ചു.

Read Also: നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ ; പ്രഖ്യാപനവുമായി കര്‍ണിസേന

അതേസമയം ഇന്ത്യയ്ക്കു നാലു തലസ്ഥാനങ്ങള്‍ വേണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ‘ഇന്ത്യയ്ക്ക് ഊഴമനുസരിച്ചു നാലു തലസ്ഥാന നഗരങ്ങള്‍ വേണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബ്രിട്ടിഷുകാര്‍ ഈ രാജ്യത്തെ മുഴുവന്‍ ഭരിച്ചതുകൊല്‍ക്കത്തയില്‍നിന്നുകൊണ്ടാണ്. എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രമുള്ളത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ മാത്രം നടക്കുന്നത്. ഡല്‍ഹിയില്‍ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്’ മമത പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഊഴമനുസരിച്ച്‌ രാജ്യത്തെ വ്യത്യസ്ത നഗരങ്ങളില്‍ നടത്തണം. ഞങ്ങള്‍ വിഭാഗീയരല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് ഇത് പറയുന്നത്. എന്തുകൊണ്ടാണ് ഒരു പാര്‍ലമെന്റ് സമ്മേളനം പോലും തമിഴ്‌നാട്ടിലോ ആന്ധ്രയിലോ കേരളത്തിലോ ഉത്തര്‍പ്രദേശിലോ മധ്യപ്രദേശിലോ നടക്കാത്തത്?

‘തിരഞ്ഞെടുകാലത്തു മാത്രമല്ല നേതാജിയെ സ്മരിക്കേണ്ടത്. പാര്‍ലമെന്റ് നിര്‍മ്മിക്കാനും വിമാനങ്ങള്‍ വാങ്ങാനും ആയിരക്കണക്കിനു കോടികള്‍ ചെലവാക്കുന്ന സര്‍ക്കാരിന് നേതാജി സ്മാരകമുണ്ടാക്കാന്‍ പണമില്ല. നേതാജിയുടെ ജന്മദിനം ദേശീയ അവധി പോലുമല്ല.’ ആസൂത്രണ കമ്മിഷന്‍ നേതാജിയുടെ ആശയമായിരുന്നു. കമ്മിഷനെ ഇല്ലാതാക്കി സര്‍ക്കാര്‍ നിതി ആയോഗുണ്ടാക്കി മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button