ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സിംഘു അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനെത്തിയ ആളെ പിടികൂടി. പ്രേക്ഷോഭം അട്ടിമറിക്കാനും നേതാക്കള്‍ക്കു നേരെ വെടിവെക്കാനും പോലീസിന്റെ ഒത്താശയോടെ നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി.
വെള്ളിയാഴ്ച (ജനുവരി-22) രാത്രിയോടെയാണ് കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലി അലോങ്കലപ്പെടുത്താനും കര്‍ഷക നേതാക്കളെ വെടിവെച്ചു കൊലപ്പെടുത്താനും ഡല്‍ഹി പോലീസിന്റെ അറിവോടെ രണ്ടു സംഘങ്ങളെ നിയോഗിച്ചെന്ന ഗുരുതരമായ ആരോപണമാണ് കര്‍ഷകര്‍ ഉന്നയിച്ചത്. ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് സംഘത്തില്‍ പെട്ട ഒരാളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇയാളെ ഹരിയാന പോലീസിന് കൈമാറുകയും ചെയ്തു.
കര്‍ഷക റാലി തടസ്സപ്പെടുത്താന്‍ പോലീസിന്റെ ഒത്താശയോടെ തങ്ങള്‍ പദ്ധതിയിട്ടതായി മുഖംമൂടിധാരി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന നടത്തിയ പോലീസുകാരുടെ പേരെടുത്ത് പറയുകയും ചെയ്തു. ‘രണ്ടു സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. പ്രതിഷേധക്കാരുടെ പക്കല്‍ ആയുധമുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ ചുമതലപ്പെടുത്തിയത്. ജനുവരി 26ന് പ്രക്ഷോഭകര്‍ക്കിടയില്‍ കൂടിചേരാനും സമരത്തിനിടെ വെടിയുതിര്‍ക്കാനുമായിരുന്നു പദ്ധതി. കര്‍ഷകര്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. പ്രക്ഷോഭകര്‍ക്ക് പോലീസ് ആദ്യം മുന്നറിയിപ്പ് നല്‍കും തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് കീഴെ വെടിയുതിര്‍ക്കാനും പദ്ധതിയുണ്ട്. കര്‍ഷകര്‍ ആയുധങ്ങള്‍ ഉപയോഗിച്ചുവെന്ന് പോലീസിന് സ്ഥാപിച്ചെടുക്കാനാണ് തങ്ങളെ ആയുധങ്ങളുമായി ഇങ്ങോട്ടേക്ക് നിയോഗിച്ചത്’ പിടിയിലായ മുഖംമൂടി ധാരി പറഞ്ഞു.
Post Your Comments