പശ്ചിമ ബംഗാൾ: മമത ബാനർജിയ്‌ക്കെതിരെ പുതിയ പാര്‍ട്ടി രൂപീകരിച്ച് മതസാമുദായക നേതാവായ അബ്ബാസ് സിദ്ദിഖി. ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് ( ഐഎസ്എഫ്) എന്ന രാഷട്രീയ പാര്‍ട്ടിക്കാണ് 34 കാരനായ ഇദ്ദേഹം രൂപം നല്‍കിയിരിക്കുന്നത്. ബംഗാളിലെ വിവിധ ജില്ലകളില്‍ നിന്നുള്ള പത്തോളം ഗോത്ര, ദളിത് സംഘടനകളും ഐഎസ്എഫില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹൈദരാബാദ് എംപി അസദുദിന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം മുമായി കൈകോര്‍ത്താണ് ഐഎസ്എഫ് രാഷ്ട്രീയത്തിലിറങ്ങുന്നത്. വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ മത്സരിക്കാനാണ് ഐഎസ്എഫ് തീരുമാനം. ഇനിയും സഖ്യം രൂപപ്പെടുകയാണെങ്കില്‍ ഈ നമ്പര്‍ ഇനിയും ഉയരുമെന്ന് സിദ്ദിഖി പറയുന്നു.
എന്നാൽ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ് സിദ്ദിഖിയുടെ പുതിയ പാര്‍ട്ടി നല്‍കുക. തൃണമൂല്‍ കോണ്‍ഗ്രസിലെ മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ഐഎസ്എഫ് കാരണമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടി രൂപീകരണത്തിനു ശേഷം സിദ്ദിഖി നടത്തിയത്. ‘പശ്ചിമ ബംഗാളിലെ മുസ്‌ലിങ്ങള്‍ മമത ബാനര്‍ജിയെ തെറ്റിദ്ധരിച്ചു. ഞങ്ങള്‍ അവരെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ ഞങ്ങള്‍ക്ക് വഞ്ചിക്കപ്പെട്ടതായി തോന്നുന്നു,’ സിദ്ദിഖി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണത്തിനു ഇദ്ദേഹം മറുപടി നല്‍കി.
‘ബിജെപി രാജ്യത്തിന് അപകടമാണ്. ഞങ്ങളവര്‍ക്ക് എതിരാണ്. പക്ഷെ ബിജെപി 18 സീറ്റുകള്‍ നേടിയിരുന്നു ( 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍). ഞങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. പക്ഷെ എന്താണ് അവരെ തടുക്കാന്‍ വേണ്ടി തൃണമൂല്‍ ചെയ്തത്,’ സിദ്ദിഖി ചോദിച്ചു. അതേസമയം ഒരു പ്രത്യേക സമുദായ ഐഡന്റിറ്റിയില്‍ വരുന്ന പാര്‍ട്ടിക്ക് ബംഗാളില്‍ വളരാനാവില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ നിരീക്ഷണമുണ്ട്. മമത ബാനര്‍ജി തങ്ങള്‍ക്കു വേണ്ടി ചെയ്തത് ഒരിക്കലും ബംഗാള്‍ മുസ്‌ലിങ്ങള്‍ മറക്കില്ലെന്നാണ് മുതിര്‍ന്ന തൃണമൂല്‍ നേതാവും ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം ചെയര്‍മാനുമായ ഇദ്രിസ് അലി പറയുന്നത്.
‘മമത ബാനര്‍ജി തങ്ങള്‍ക്കു വേണ്ടി ചെയ്തത് ബംഗാള്‍ മുസ്‌ലിങ്ങള്‍ മറക്കില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുസ് ലിങ്ങള്‍ ദീദിയോടൊപ്പം പാറ പോലെ ഉറച്ചു നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഇദ്രിസ് അലി പറഞ്ഞു. 30 ശതമാനത്തോളമാണ് ബംഗാളിലെ മുസ്‌ലിം വോട്ടുകള്‍. 2011 ലും 2016 ലും തെരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ തൃണമൂലിനൊപ്പമായിരുന്നു. പുതിയ പാര്‍ട്ടി വരുന്നതു കൂടി ഈ വോട്ടുകള്‍ ചോരാനിടയാകുമെന്നാണ് നിരീക്ഷണം.
Post Your Comments