ആലുവ: വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ട്വന്റി-20 പഞ്ചായത്ത്. വിവരാവകാശപ്രവര്‍ത്തകന്‍ ആലുവ എടയപ്പുറം എം ഖാലിദ് നല്‍കിയ അപേക്ഷയിലെ പത്തു ചോദ്യങ്ങള്‍ക്കും വിവരം ലഭ്യമല്ല എന്ന മറുപടിയാണ് പഞ്ചായത്തിലെ വിവരാവകാശ ഓഫീസര്‍ നല്‍കിയത്. പത്തം ചോദ്യങ്ങളും കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്.
1. 2005-2010 കാലഘട്ടത്തില്‍ കിറ്റെക്സിന്റെ ഡൈയിംഗ്, ബ്ലീച്ചിംഗ് യൂണിറ്റ് സ്ഥാപിക്കാനുള്ള അനുവാദത്തിന് സമര്‍പ്പിച്ച അപേക്ഷയുടെയും അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
2. അതുപ്രകാരം അനുവദിച്ച ലൈസന്‍സിന്റെ പകര്‍പ്പ് ലഭ്യമാക്കുക.
3. ലൈസന്‍സ് കാലാവധി എത്ര, പുതുക്കിയോ, അതിന്റെ പകര്‍പ്പ ലഭ്യമാക്കുക.
4. ഇപ്പോഴും ലൈസന്‍സുണ്ടോ, വിവരങ്ങള്‍ ലഭ്യമാക്കുക.
5. കമ്പനി പുറംതള്ളുന്ന വിഷമാലിന്യം സംസ്‌കാരിക്കാനുള്ള രാസമാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ടോ, അതിന്റെ രേഖകള്‍ ലഭ്യമാക്കുക.
6. 2010-2015 കാലഘട്ടത്തില്‍ ഡൈയിംഗ്, ബ്ലീച്ചിംഗിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള അനുവാദത്തിന് സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കുക.
7. മൂന്നു യൂണിറ്റുകള്‍ക്കും പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പുകള്‍, ഇല്ലെങ്കില്‍ നിരസിച്ചതിന്റെ രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
8. 2015-2020 കാലഘട്ടത്തില്‍ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെയും മിന്യുട്ട്‌സിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.
9. 2015-2020ല്‍ മൂന്നു യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുടെയും രേഖകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുക.
10. കിറ്റക്‌സ് കമ്പനിക്ക് ഡൈയിംഗ്, ബ്ലീച്ചിംഗിന്റെ എത്ര യൂണിറ്റുകള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചത്. ഇവ മലിനീകരണ നിയന്ത്രണ നിയമം, ആരോഗ്യവകുപ്പ് നിയമങ്ങള്‍, മറ്റ് കേന്ദ്രസംസ്ഥാന സർക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ചടങ്ങള്‍ പാലിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
എന്നാൽ കിറ്റെക്സ് കമ്പനിയിലെ ബ്ലീച്ചിംഗ് ആന്റ് ഡൈയിംഗ് യൂണിറ്റിലെ മലിനീകരണ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചതോടെ ഇതിനെ മറികടക്കാന്‍ കമ്പനിയുടമ സാബു എം ജേക്കബ് തുടങ്ങിയതാണ് ട്വന്റി ട്വന്റി കൂട്ടായ്മ. പ്രദേശത്ത് കിറ്റെക്സ് കമ്പനി വലിയ തോതില്‍ ജലചൂഷണവും നടത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കമ്പനിയില്‍ നിന്നും പുറത്തേക്ക് വിടുന്ന ദുര്‍ഗന്ധമുള്ള പുക പ്രദേശവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. കിഴക്കമ്പലം പഞ്ചായത്തിനെ സിംഗപൂര്‍ മോഡല്‍ ആക്കുമെന്നായിരുന്നു 2015ല്‍ അധികാരത്തില്‍ എത്തും മുമ്പ് ട്വന്റി ട്വന്റി നല്‍കിയ വാഗ്ദാനം. എന്നാല്‍ ചേലക്കുളം വാര്‍ഡിലും പരിസരപ്രദേശത്തും സ്ഥിതി പരിതാപം തന്നെ. കമ്പനിയിലേക്ക് എത്താനുള്ള വഴികള്‍ ടാര്‍ ചെയ്യുകയും ട്വന്റി ട്വന്റിയുടെ പബ്ലിസിറ്റിക്കായി ഗോഡ്സ് വില്ല, ഭക്ഷ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments