ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ AN32 വിമാനത്തിൽ 1,50,000 കോവിഡ് വാക്സിൻ ഡോസുകൾ ഭൂട്ടാനിലെത്തി. ഭൂട്ടാൻ പ്രധാനമന്ത്രി ലോടേയ് ഷെറിംഗ് ആണ് വാക്‌സിൻ ഡോസുകൾ ഏറ്റുവാങ്ങിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനാണ് ഇന്ത്യ ഭൂട്ടാന് നൽകിയത്. ഭൂട്ടാന് പുറമേ മ്യാൻമർ, സീഷെൽസ്, ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നിങ്ങനെ അഞ്ച് രാജ്യങ്ങൾക്ക് കൂടി ഇന്ത്യ വാക്സിൻ നൽകുന്നുണ്ട്.
തിംഫു വിമാനത്താവളത്തിലെത്തിയ വാക്‌സിൻ ഡോസുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഭൂട്ടാൻ ആരോഗ്യ മന്ത്രി ഡെചൻ വാങ്‌മോ, വിദേശകാര്യ സെക്രട്ടറി കിംഗ സിങ്കെ, ഇന്ത്യൻ അംബാസിഡറായ രുചിറ കമ്പോജ് എന്നിവർ പങ്കെടുത്തു. ഭൂട്ടാനൊപ്പം പതിറ്റാണ്ടുകളായി ഉണ്ടായിരുന്ന വിശ്വസ്തനായ സുഹൃത്തിൽ നിന്നും ലഭിച്ച സമ്മാനമാണിതെന്ന് വാക്‌സിൻ ഏറ്റുവാങ്ങിയ ശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ലോടേയ് ഷെറിംഗ് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ നാഴികകല്ലായി വാക്‌സിൻ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യൻ ജനതയേയും അഭിനന്ദിക്കുന്നു. വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഇന്ത്യ വാക്‌സിനുകൾ കൈമാറി. സ്വന്തം ആവശ്യം നിറവേറ്റുന്നതിന് മുൻപ് തന്നെ മറ്റുള്ള രാജ്യങ്ങളിലേക്ക് വാക്‌സിനുകൾ പങ്കുവയ്ക്കാൻ തയ്യാറായത് മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. പരോപകാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. ഇന്ത്യയുടെ ആത്മാർത്ഥതയെയാണ് ഇത് പ്രതിഫലിപ്പക്കുന്നത്. ഇന്ത്യയോട് ഭൂട്ടാൻ ജനത നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments