ചെന്നൈ : ഇന്തോ-അമേരിക്കന്‍ വംശജയായ കമല ഹാരിസ് അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി അധികാരത്തില്‍ എത്തിയപ്പോള്‍ ആഘോഷം മുറുകിയത് തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലായിരുന്നു. തിരുവാരവൂര്‍ ജില്ലയിലെ മന്നാര്‍ഗുഡി, തുളസേന്തിരപുരം എന്നീ ഗ്രാമങ്ങളാണ് കമലയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമായി കൊണ്ടാടിയത്. 56 കാരിയായ കമലയുടെ അമ്മയുടെ കുടുംബം ഇവിടെയാണ് ജീവിച്ചിരുന്നത്.
കമല ഹാരിസിന്റെ മുത്തച്ഛന്‍ പി വി ഗോപാലന്‍ ചെറുപ്പത്തില്‍ താമസിച്ചിരുന്ന ഗ്രാമമാണ് തുളസേന്തിരപുരം. പിന്നീട്, ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ജോലി നേടുകയും അവിടെ നിന്നും താമസം മാറുകയുമായിരുന്നു. കമലയുടെ മുത്തശ്ശി രാജം അടുത്തുള്ള പൈങ്കനാട് ഗ്രാമത്തിലായിരുന്നു. ഈ രണ്ട് ഗ്രാമങ്ങളും ദിവസങ്ങളോളമായി സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ കാത്തിരിയ്ക്കുകയായിരുന്നു. അവയ്ക്കിടയിലുള്ള 10 കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ ഡിജിറ്റല്‍ ബാനറുകളാല്‍ പുഷ്പങ്ങളും ഇലകളും കൊണ്ട് അലങ്കരിച്ചിരുന്നു.
ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് നടന്ന അമേരിക്കന്‍ പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങുകളുടെ സമയത്തും വലിയ ആഘോഷ പരിപാടികളാണ് നടത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യ വിട്ടു പോയെങ്കിലും ഗ്രാമവുമായി അടുത്ത ബന്ധമാണ് കമല പുലര്‍ത്തിയിരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തെയും കമല സ്‌നേഹിച്ചിരുന്നു. തുളസേന്തിരാപുരം ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് അടക്കം കമലയുടെ കുടുംബം സംഭാവനകള്‍ നല്‍കിപ്പോന്നിരുന്നു. 2014ല്‍ കമലയുടെ പേരിലും ഇത്തരത്തില്‍ സംഭാവന നല്‍കിയിരുന്നു.
Post Your Comments