KeralaLatest NewsNews

കോണ്‍ഗ്രസ് മുക്ത കേരളത്തിനായി സിപിഎം-ബിജെപി സഖ്യം ,

പിണറായി വിജയന്‍ ബിജെപിക്ക് പ്രിയപ്പെട്ടവന്‍ , എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ

കോഴിക്കോട് : പിണറായി വിജയന്‍ ബിജെപിക്ക് പ്രിയപ്പെട്ടവന്‍ , എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. കോണ്‍ഗ്രസ് മുക്ത കേരളം സൃഷ്ടിക്കാനായി സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ‘സുമാബി’ സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമായി മാറിയാല്‍ സംസ്ഥാനത്ത് പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ എന്നും അവരുടെ ഈ ലക്ഷ്യത്തിന് സിപിഎം കൂട്ടുനില്‍ക്കുകയാണ് എന്നുമാണ് ഫാത്തിമ തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴി ആരോപണമുയര്‍ത്തുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ ഇത്തരത്തിലുള്ള രഹസ്യ ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

Read Also : കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍

കുറിപ്പിന്റെ പൂര്‍ണരൂപം

‘കോണ്ഗ്രസ് മുക്ത കേരളം കിനാവ് കാണുന്ന രണ്ട് സംഘടനകള്‍ തമ്മിലുള്ള സുമാബി സഖ്യമാകും 2021 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കോണ്ഗ്രസ് അപ്രസക്തമായാല്‍ കേരളത്തിലെ പ്രബലകക്ഷിയായി മാറാം എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അത് കൊണ്ട് തന്നെ ബി.ജെ.പിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്ഗ്രസിനെ തോല്പിക്കാന്‍ വേണ്ടി സി.പി.എമ്മിന് വോട്ട് ചെയ്യുക എന്ന അടവ് നയമാകും 2021ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിക്കുക. ബി.ജെ.പിയുടെ ഈ അടവ് നയം സി.പി.എം കൃത്യമായി മനസിലാക്കിയിട്ടുണ്ട്.

അത് കൊണ്ടാണല്ലോ ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒന്നും സി.പി.എം ഇപ്പോള്‍ ചെയ്യാത്തത്. അത് കൊണ്ടാണല്ലോ ബി.ജെ.പിക്ക് സ്വീകാര്യനായ എ. വിജയരാഘവനെ സെക്രട്ടറിയാക്കിയത്. അത് കൊണ്ടാണല്ലോ ബി.ജെ.പിയെ സുഖിപ്പിക്കുന്ന രീതിയില്‍ പോലീസ് രാജും സവര്‍ണ സംവരണവും നടപ്പിലാക്കുന്നത്. അത് കൊണ്ടാണല്ലോ പാലത്തായി പീഡന കേസില്‍ ബി.ജെ.പി നേതാവിനെതിരെ ഇപ്പോഴും പോക്സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാത്തത്.

അത് കൊണ്ടാണല്ലോ സംഘപരിവാരിനെ നാണിപ്പിക്കും വിധം ഇസ്ലാമോഫോബിക്ക് പരാമര്‍ശങ്ങള്‍ സി.പി.എം നേതാക്കളില്‍ നിന്ന് വരുന്നത്. പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ദിവസം സംഘപരിവാര്‍ പ്രൊഫൈലുകളില്‍ പിണറായി വിജയനെ അഭിനന്ദിച്ചു വന്ന പോസ്റ്റുകള്‍ മാത്രം മതി പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ബി.ജെ.പിക്ക് ഇപ്പോള്‍ എത്ര പ്രിയപ്പെട്ടതാണെന്ന് മനസിലാകാന്‍.

കോണ്ഗ്രസ് ദുര്‍ബലമായാല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി സി.പി.എമ്മിന് വോട്ട് ചെയ്യുമെന്നും അത് വഴി തുടര്‍ച്ചയായി കേരള ഭരണം കയ്യാളാമെന്നുമാണ് സി.പി.എം കണക്ക് കൂട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമറിയാതെ എസ്.ഡി.പി.ഐയോട് സഖ്യം ഉണ്ടാക്കിയ സി.പി.എം സമാന രീതിയില്‍ ബി.ജെ.പിയോട് രഹസ്യ സഖ്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ സുമാബി സഖ്യത്തെ മതേതര കേരളം തിരിച്ചറിഞ്ഞു തോല്പിക്കുക തന്നെ ചെയ്യും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button