Latest NewsNewsGulfQatar

ഖത്തറില്‍ ഇനി ആയുര്‍വേദ ചികിത്സയും ; അഭിമാനമായി ആദ്യ ലൈസന്‍സ് മലയാളി ഡോക്ടര്‍ക്ക്

കിഴി, ധാര തുടങ്ങിയ ചികിത്സകളാണ് നിലവില്‍ റെമഡി സെന്ററില്‍ ലഭ്യമാക്കുന്നത്

ദോഹ : ആയുര്‍വേദ ചികിത്സയ്ക്ക് തുടക്കം കുറിച്ച് ഖത്തര്‍. മലയാളികള്‍ക്ക് അഭിമാനമായി ഒരു മലയാളി ഡോക്ടര്‍ക്കാണ് രാജ്യത്ത് ആദ്യ ലൈസന്‍സ് ലഭിച്ചിരിയ്ക്കുന്നത്. മലയാളി ആയുര്‍വേദ ഡോക്ടറായ ഡോ.രശ്മി വിജയകുമാറിനാണ് രാജ്യത്ത് ആയുര്‍വേദ ചികിത്സ നടത്തുന്നതിനുള്ള ആദ്യത്തെ ലൈസന്‍സ് ലഭിച്ചത്. ഖത്തറില്‍ ആയുര്‍വേദ ചികിത്സ നടത്താന്‍ ലൈസന്‍സ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ഡോക്ടര്‍ കൂടിയായ രശ്മി തിരുവനന്തപുരം സ്വദേശിയാണ്.

2016ലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആയുര്‍വേദം, ഹോമിയോപ്പതി, ഹിജ്മ, ഞരമ്പ് ചികിത്സ, അക്യുപഞ്ചര്‍ തുടങ്ങിയ സമാന്തര ചികിത്സകള്‍ക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പ്രവര്‍ത്തന ലൈസന്‍സ് നല്‍കി തുടങ്ങിയത്. ആയുര്‍വേദ ചികിത്സയ്ക്ക് ഖത്തര്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഇന്ത്യയുടെ ആയുര്‍വേദ മെഡിസിന്‍ രംഗത്ത് നിക്ഷേപ സാധ്യതകളും ഏറെയാണ്. ഖത്തര്‍ കമ്പനികളുമായി ചേര്‍ന്ന് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യയിലെ നിക്ഷേപകരോട് കഴിഞ്ഞ ലോക ആയുര്‍വേദ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന വെബിനാറില്‍ ഇന്റര്‍നാഷനല്‍ ബിസിനസ് ഡെലിഗേഷന്‍ സമ്മിറ്റ് ചെയര്‍മാന്‍ യൂസിഫ് അല്‍ ജാബര്‍ ആഹ്വാനം ചെയ്തിരുന്നു.

ഖത്തറിലെ ദുഹെയ്ലില്‍ പ്രവര്‍ത്തിക്കുന്ന റെമഡി ആയുര്‍വേദ സെന്റര്‍ ഫോര്‍ ഫിസിയോതെറാപ്പി സെന്റര്‍ ആണ് രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ചികിത്സാ കേന്ദ്രം. ഡോ. രശ്മിയുടെ നേതൃത്വത്തിലാണ് ഇവിടെ ചികിത്സ ലഭ്യമാക്കുന്നത്. കിഴി, ധാര തുടങ്ങിയ ചികിത്സകളാണ് നിലവില്‍ റെമഡി സെന്ററില്‍ ലഭ്യമാക്കുന്നത്. എണ്ണ ഉള്‍പ്പടെയുള്ള നിശ്ചിത മരുന്നുകള്‍ നല്‍കാനുള്ള ലൈസന്‍സും ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ പൂര്‍ണ തോതില്‍ പ്രവര്‍ത്തിയ്ക്കാനുള്ള അനുമതി ലഭിയ്ക്കും. ഇതോടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും മികച്ച ആയുര്‍വേദ ചികിത്സ ദോഹയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ രശ്മി പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button