കൊല്ലം : അഞ്ചലിലെ ഉത്ര കൊലക്കേസില്‍ നിര്‍ണായക മൊഴി പുറത്ത്. ഉത്രയ്ക്ക് പാമ്പ് കടിയേറ്റത് സ്വാഭാവികമായ സാഹചര്യത്തിലല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചതായി സര്‍പ്പ ശാസ്ത്ര വിദഗ്ധന്‍ മവീഷ് കുമാര്‍ ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുന്‍പാകെ മൊഴി നല്‍കി. നേപ്പാളില്‍ പാമ്പ് ഗവേഷണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ് മവീഷ്‌കുമാര്‍.
മുറിയില്‍ അണുനാശിനി ഉപയോഗിച്ചിരുന്നു. രൂക്ഷ ഗന്ധമുള്ള വസ്തുക്കള്‍ ഉള്ള സ്ഥലങ്ങള്‍ പാമ്പുകള്‍ ഒഴിവാക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്രയുടെ കയ്യിലെ പാമ്പ് കടിയുടെ അടയാളം കണ്ടപ്പോള്‍ അത് സ്വാഭാവികമായുള്ള കടിയല്ലെന്നു കമ്മിറ്റിയ്ക്ക് വ്യക്തമായി. മൂര്‍ഖന്‍ സാധാരണ വിഷം പാഴാക്കാറില്ല. പത്തി ഉയര്‍ത്തിയും ശബ്ദം ഉണ്ടാക്കിയും പത്തി കൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്. ഡമ്മിയില്‍ കെട്ടിവച്ച കോഴിയെ കൊത്താതെ ഇഴഞ്ഞു നീങ്ങിയ മൂര്‍ഖന്‍ പല തവണ പ്രകോപിച്ചിട്ടും കടിയ്ക്കാതെ പത്തി കൊണ്ട് അടിച്ച് ഒഴിവാക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ നിന്നു സാക്ഷി കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശശികല, വെറ്ററിനറി സര്‍ജന്‍ കിഷോര്‍ കുമാര്‍, അരിപ്പ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അസി. കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍ എന്നിവരോടൊപ്പം ഉത്രയുടെയും സൂരജിന്റെയും വീടു പരിശോധിച്ചതായും സാക്ഷി മൊഴി നല്‍കി. ഉത്രയുടെ മുറിയില്‍ സ്വാഭാവികമായി പാമ്പ് എത്താനോ ആക്രമണ സ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്നായിരുന്നു കണ്ടെത്തല്‍.
Post Your Comments