പൂനെ : വയറ് നിറച്ച് ഭക്ഷണം കഴിച്ചാല്‍ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാം. അതെങ്ങനെയെന്ന് സംശയിക്കേണ്ട. സംഭവം അങ്ങ് പൂനെയിലാണ്. പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഇത്തരമൊരു അവസരം തങ്ങളുടെ കസ്റ്റമേഴ്‌സിന് നല്‍കിയിരിയ്ക്കുന്നത്. ‘ബുള്ളറ്റ് താലി കോണ്‍ടസ്റ്റ്’ എന്നാല്‍ ബുള്ളറ്റ് സൗജന്യമായി സ്വന്തമാക്കാനുള്ള മത്സരത്തിന്റെ പേര്.
കോവിഡില്‍ നിന്ന് കരകയറിയെങ്കിലും കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് ഹോട്ടല്‍ മേഖല നേരിടുന്നത്. ഇതില്‍ നിന്ന് കരകയറാനും കസ്റ്റമേഴ്‌സിനെ ആകര്‍ഷിയ്ക്കാനുമാണ് പൂനെയിലെ ശിവരാജ് ഹോട്ടല്‍ ഉടമ ഇത്തരത്തില്‍ ഒരു മത്സരം കൊണ്ടു വന്നത്. ഇവരുടെ ഹോട്ടലിലെ ഒരു വലിയ ‘നോണ്‍ വെജ് മീല്‍സ് താലി’കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 1.65ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം.
മീല്‍സൊക്കെ നിസാരമെന്ന് കരുതുന്നുവെങ്കിലും അത്ര നിസാരമല്ല ഈ മീല്‍സ്. കാരണം നാല് കിലോയോളം വരുന്ന താലി മീല്‍സാണ് കഴിച്ച് തീര്‍ക്കേണ്ടത്. ഇത് ഒരു മണിക്കൂര്‍ കൊണ്ട് കഴിച്ചു തീര്‍ക്കുന്നവരാണ് വിജയികള്‍. ഹോട്ടലിലേക്ക് കൂടുതല്‍ ആളുകളെ എത്തിയ്ക്കാനാണ് ഇത്തരമൊരു മത്സരം എന്നാണ് ഉടമ അതുല്‍ വൈകര്‍ പറയുന്നത്. റെസ്റ്റോറന്റിന്റെ പുറത്ത് അഞ്ച് ബുള്ളറ്റുകളാണ് അതുല്‍ നിരത്തി വച്ചിരിക്കുന്നത്.
മട്ടന്‍, മീന്‍ തുടങ്ങി പന്ത്രണ്ടോളം നോണ്‍ വെജ് വിഭവങ്ങള്‍ അടങ്ങിയ നാല് കിലോ ഭാരം വരുന്ന താലിയാണ് മത്സരത്തിനായി പ്രത്യേകം തയ്യാറാക്കിയത്. അന്‍പത്തിയഞ്ച് ആളുകള്‍ ചേര്‍ന്നാണ് ഈ പ്രത്യേക താലി തയ്യാറാക്കുന്നതെന്നും ഉടമ പറയുന്നു. വിവിധ തരം പൊരിച്ച മീനുകള്‍, ചിക്കന്‍ തണ്ടൂരി, ഡ്രൈ മട്ടണ്‍, ഗ്രേ മട്ടണ്‍, ചിക്കന്‍ മസാല, കൊഞ്ച് ബിരിയാണി എന്നിവയാണ് താലിയിലെ ചില വിഭവങ്ങള്‍. ഏകദേശം 2500 രൂപയാണ് ഈ താലി മീല്‍സിന്റെ വില. ബുള്ളറ്റ് താലി മീല്‍സിന് നല്ല പ്രതികരണം തന്നെയാണ് ലഭിയ്ക്കുന്നത്. ദിവസേന 65 താലി വരെ വിറ്റു പോകുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments