ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയിൽ വരുന്നത്. ഗ്രേറ്റ് ഇന്ത്യൻ അടുക്കളെയെന്നാൽ നായർ തറവാട്ടിലെ അടുക്കള മാത്രമല്ല , ഞമ്മന്റെ അടുക്കളയിലേക്കും ഒന്ന് വരൂന്നേ എന്നാവശ്യപ്പെട്ട് സുറുമി എന്ന യുവതി ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം…………………….
മഹത്തായ ഭാരതീയ അടുക്കള എന്നാല്‍ നായര്‍ തറവാടുകളിലെ അടുക്കളകള്‍ മാത്രമാണോ ??
ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ ??
ഞങ്ങള്‍ക്കുമുണ്ട് സാറേ അടുക്കളകള്‍ !!
വിവാഹപ്രായം ഗവണ്‍മെന്‍റിന്‍റെ പേനത്തുമ്പിലായത് കൊണ്ട് മാത്രം പതിനെട്ടില്‍ (ഇല്ലേല്‍ 16/17) തുടങ്ങുന്ന ഞങ്ങളുടെ അടുക്കള ജീവിതം കൂടി കാണിക്കണം .
സുബ്ഹിക്ക് എഴുന്നേറ്റ് കുളിച്ച് നിസ്കരിച്ച് അടുക്കളയിലേക്ക് വരുന്ന നവവധു…
പണിയെടുക്കുമ്പോള്‍ അതൊന്ന് ഫ്രീയായി ചെയ്യാന്‍ പോലും കഴിയാത്തവിധം അലോസരപ്പെടുത്തുന്ന ഷോള്‍ കൂടിയുണ്ടാകും അവള്‍ക്ക് . ഭര്‍ത്താവല്ലാത്ത മറ്റു പുരുഷന്‍മാര്‍ ആ വീട്ടില്‍ ഉള്ളത് കൊണ്ട് നനഞ്ഞ മുടിയൊന്ന് അഴിച്ചിട്ട് ഉണക്കാന്‍ പോലും നിവൃത്തിയില്ല. (ബെഡ് റൂമില്‍ ഷോള്‍ നിര്‍ബന്ധമില്ല കേട്ടോ )
അങ്ങനെ …പച്ചക്കറി അരിയലും , പ്ലേറ്റ് കഴുകലുമായി പോയിക്കൊണ്ടിരിക്കെ അമ്മായുമ്മ മകളുടെ അടുത്തേക്ക് പറക്കുന്നു…
മണ്ഡല കാലത്തിന് പകരം നമുക്ക് റമളാന്‍ മാസം എടുക്കാം. വൃതശുദ്ധിയുടെ മുന്തിരിച്ചാറ് നുണയുന്ന മാസം.
വരൂ… ക്യാമറ ഞമ്മന്‍റെ അടുക്കളയിലേക്ക് ഫോക്കസ് ചെയ്യൂ…
രാവിലെ വീട് വൃത്തിയാക്കലും വസ്ത്രങ്ങള്‍ കഴുകലും മറ്റും കഴിഞ്ഞ് ളുഹര്‍ നിസ്ക്കാരത്തിന് ശേഷം നായിക പാചകത്തിന് കയറുന്നു.
മഗ്രിബ് ബാങ്ക് കൊടുക്കുന്നത് വരെ പൊരിഞ്ഞ യുദ്ധമാണ്.
ഇതിനിടയില്‍ അസര്‍ നിസ്കരിക്കാന്‍ അഞ്ച് മിനിറ്റ് പാചകത്തിന് ബ്രേക്ക് കൊടുത്തിരുന്നുട്ടോ (അത് പറയാതിരിക്കരുത് )
ബാങ്കിന് പത്ത് മിനിറ്റ് മുന്‍പ് ഭര്‍ത്താവും അവന്‍റെ ഉപ്പയും ”കഴിഞ്ഞില്ലേ ?” എന്നും ചോദിച്ച് രംഗ പ്രവേശനം ചെയ്യും.
ഈ സമയം അവസാനത്തെ സ്റ്റെപ്പായ ജ്യൂസ് അടിക്കുന്ന നായിക…
അങ്ങനെ ടേബിളില്‍ ഉന്നക്കായ , കട്ലറ്റ് , ബ്രഡ് പോള , സമൂസ എന്നീ സ്നാക്കുകളും വത്തക്ക ജ്യൂസും ലെമണ്‍ ജ്യൂസും മാങ്ങ, ആപ്പിള്‍ , പേരയ്ക്ക തുടങ്ങിയ ഫ്രൂട്ട്സ് അരിഞ്ഞതും കൊണ്ട് വെച്ച് നായിക ഒന്ന് ശ്വാസം വിടുന്നു.
അപ്പോഴാണ് അമ്മായപ്പന്‍റെ വളരെ സൗമ്യമായ ചോദ്യം ” തരിക്കഞ്ഞിയില്ലേ മോളേ ?”
നായിക ഞെട്ടുന്നു. ഓള്‍ടെ ഉപ്പ ഗള്‍ഫിലായത് കൊണ്ട് ഉമ്മയും അനിയത്തിനും അനിയനും മാത്രമുള്ള വീടായത് കൊണ്ട് നോമ്പിന് തരിക്കഞ്ഞി അവരുടെ മെനുവില്‍ ഉണ്ടാകാറില്ലായിരുന്നു.
”നാളെ മുതല്‍ ഉണ്ടാക്കാം ഉപ്പാ ”
ഉപ്പാക്ക് സന്തോഷമാകുന്നു.
കഴിച്ച് കഴിഞ്ഞ് ബാപ്പയും മകനും നിസ്കരിക്കാന്‍ പോകുന്നു.
ടേബിളിലെ പാത്രങ്ങളെടുത്ത് (ഒറ്റ ട്രിപ്പില്‍ പറ്റില്ല. മൂന്നാല് വട്ടമെങ്കിലും നടക്കണം ) നായിക വീണ്ടും അടുക്കളയിലേക്ക് …
പരത്തി വെച്ച പത്തിരിയില്‍ കുറച്ച് കൂടി ചുട്ടെടുക്കാനുണ്ട്.
നിസ്കാരം കഴിഞ്ഞ ഭര്‍ത്താവ് നായികയോട് ” ജ്ജ് നിസ്ക്കരിച്ചോ ? അടുക്കളയില്‍ താളം ചവിട്ടിയിട്ട് മഗ്രിബ് കളാആക്കോ?” എന്ന് റൂമില്‍ നിന്ന് ഉറക്കെ ചോദിക്കുന്നു.
നായിക പത്തിരി വെച്ച കാസ്റ്രോള്‍ മൂടി വെച്ചിട്ട് നിസ്കരിക്കാന്‍ ഓടുന്നു.
നിസ്കാരം കഴിഞ്ഞ് പത്തിരിയും ചിക്കന്‍ കറിയും ചായയും വിളമ്പി വീണ്ടും ഡൈനിങ് ടേബിള്‍ സീന്‍. (ഈ സീനില്‍ വേസ്റ്റ് ടേബിളിലിട്ട് ചിക്കന്‍ പീസുകള്‍ കടിച്ച് വലിക്കുന്ന ഭര്‍ത്താവിനെയും വാപ്പാനെയും കാണിക്കാം )
കഴിച്ച് കഴിഞ്ഞ് നായിക വീണ്ടും അടുക്കളയിലേക്ക് . ഭര്‍ത്താവും ബാപ്പയും തറാവീഹിനായി പള്ളിയിലേക്ക്…
പള്ളിയില്‍ നിന്ന് വന്ന പുരുഷൂസ് ‘പൂമുഖത്തേക്കൊരു ബ്ലാക് ടീ യേ…
നായിക ഏലയ്ക്കയിട്ട ബ്ലാക്ക് ടീ കൊടുക്കുന്നു(ഇതൊന്നും ഞങ്ങള്‍ക്ക് ഏതെങ്കിലും ഗസ്റ്റ് പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നറിയാമല്ലോ)
ചായ വാങ്ങി കൊണ്ട് ബാപ്പ ‘മോളേ.. ജീരക കഞ്ഞി ടേബിളില്‍ വെച്ചിട്ട് മോള് പോയി കിടന്നോട്ടാ. ബാപ്പ കുറച്ച് കഴിഞ്ഞിട്ട് കുടിച്ചോളാം ”
ജീരക കഞ്ഞി വിളമ്പി വെച്ചിട്ട് കിടക്കാന്‍ പോകുന്ന നായിക.
വീണ്ടും നാല് മണിക്ക് എണീറ്റ് അത്താഴത്തിന് വേണ്ടത് ഒരുക്കുന്നു.
അങ്ങനെ നോമ്പും നോറ്റ് ആ വീട്ടിലെ പണി മുഴുവന്‍ എടുക്കുന്ന നായിക !!
ഇടയില്‍ ഒരു ഇഫ്ത്താര്‍ വിരുന്ന് കാണിക്കാം. ഡൈനിങ് ടേബിളില്‍ പുരുഷൂസും , രാവിലെ മുതല്‍ നോമ്പ് നോറ്റ് പണിയെടുക്കുന്ന സ്ത്രീകള്‍ അടുക്കളയിലോ പിറകിലെ വരാന്തയിലോ ഇരുന്ന് നോമ്പ് തുറക്കുന്ന നയന മനോഹര സീന്‍ കാണാം.
സിങ്കിലെ പൈപ്പ് പൊട്ടലും ജോലിക്ക് വിടാതിരിക്കലുമൊക്കെ ഈ കഥയിലും ഉണ്ട്ട്ടോ…
ചെറിയ ഒരു വെത്യാസം മാത്രം. ആര്‍ത്തവം തുടങ്ങിയാല്‍ ”പ്രാര്‍ത്ഥനകള്‍ക്ക് മാത്രമേ” അവള്‍ക്ക് അയിത്തമുള്ളു. ആ വീട്ടിലെ പണി മുഴുവന്‍ എടുക്കുന്നതിലോ അവളുണ്ടാക്കിയത് കഴിക്കുന്നതിലോ അവളെ തൊടുന്നതിലോ അയിത്തമില്ല !!!
https://www.facebook.com/surumi.salmaan/posts/2820718898196479
Post Your Comments