കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയ്ക്ക് വിദേശത്ത് ജോലി നൽകാൻ ശിവശങ്കർ ശ്രമിച്ചിരുന്നുവെന്ന് കസ്റ്റംസ്. അബുദാബിയിലെ കോളേജിൽ സ്വപ്ന ഇന്റർവ്യൂവിന് ചെന്നപ്പോൾ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു എന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴി. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശ സ്ഥാപനത്തിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരം ലഭിച്ചത്.
മസ്‌കത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീന്‍ ആയ ഡോ. കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാൾക്ക് ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. കിരൺ ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ലസീര്‍ അഹമ്മദ് എന്നയാളാണ്. ഇവരുടെ പുതിയ സ്ഥാപനം അബുദാബിയില്‍ തുടങ്ങാനായി തീരുമാനിച്ചതിനെ തുടര്‍ന്നാണ് സ്വപ്‌ന ഇവിടെ ഇന്റര്‍വ്യൂവിന് എത്തിയത്. ഇന്റർവ്യൂ ബോർഡിൽ കിരണും ലസീർ അഹമ്മദുമായിരുന്നു ഉണ്ടായിരുന്നത്. സ്വപ്‌നയുടെ കൂടെ ശിവശങ്കറും ഉണ്ടായിരുന്നതായി കിരൺ പറഞ്ഞു.
അതേസമയം സ്പീക്കർ ഉൾപ്പെടെയുളള പ്രമുഖ വ്യക്തികൾ ഈ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കിരണിനെ ചോദ്യം ചെയ്തത്. ലസീർ മൊഹമ്മദും ചോദ്യം ചെയ്യലിനായി കേരളത്തിലെത്തിയിട്ടുണ്ട്.
Post Your Comments