KeralaLatest NewsNews

ബിജെപിയും മോദിയുമായി ചര്‍ച്ച നടത്താന്‍ കര്‍ദ്ദിനാളിന് സഭാ സിനഡിന്റെ അനുമതി

വിമത വിഭാഗത്തോടൊപ്പം നിന്നാല്‍ നടപടി നേരിടേണ്ടി വരുമെന്ന് സിനഡിലെ ഭൂരിപക്ഷം മെത്രാന്‍മാരും നിലപാടെടുത്തതോടെ വിമത വൈദികര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന ആറ് മെത്രാന്‍മാരും പരസ്യ പ്രതിഷേധം ഉപേക്ഷിച്ചു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്താന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഭാ സിനഡ് അനുമതി. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പക്ഷത്തിന്റെ സമഗ്ര ആധിപത്യമുറപ്പിക്കലോടെ സീറോ മലബാര്‍ സഭാ സിനഡിന് സമാപനം. വിമതവിഭാഗത്തെ കര്‍ദ്ദിനാള്‍ പക്ഷം വെട്ടിനിരത്തി. ഭൂമി വിവാദം, വ്യാജരേഖ, വിശുദ്ധപദവിയെ സംശയത്തിലാക്കിയ ലേഖനം എന്നിവ ആയുധമാക്കിയാണ് വിമത വിഭാഗത്തിനെതിരെ കര്‍ദിനാള്‍ പക്ഷം നടപടിയെടുത്തത്. തുടർന്നാണ് ബിജെപിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ ആലഞ്ചേരിക്ക് അനുമതി നൽകിയത്.

എന്നാൽ ഒന്നര ആഴ്ച്ചക്കാലം നീണ്ടു നിന്ന സഭാസിനഡ് തുടങ്ങുന്നതിന് മുന്നേ അഭിപ്രായ ഭിന്നതകള്‍ പ്രകടമായിരുന്നു. സിനഡിന് മുന്‍പ് എറണാകുളം അങ്കമാലി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും കര്‍ദ്ദിനാള്‍ പക്ഷത്തിന്റെ വക്താവുമായ ഫാ. ആന്റണി പൂതവേലി അതിരൂപതയിലെ വിമത വിഭാഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിനഡിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് സിനഡില്‍ അജണ്ടക്ക് പുറത്ത് ഉള്‍പ്പെടുത്തി ചര്‍ച്ചക്കെടുത്ത കര്‍ദ്ദിനാള്‍ പക്ഷം വിമതവൈദികര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിനഡില്‍ ആവശ്യപ്പെട്ടു. വിമത വിഭാഗത്തോടൊപ്പം നിന്നാല്‍ നടപടി നേരിടേണ്ടി വരുമെന്ന് സിനഡിലെ ഭൂരിപക്ഷം മെത്രാന്‍മാരും നിലപാടെടുത്തതോടെ വിമത വൈദികര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്ന ആറ് മെത്രാന്‍മാരും പരസ്യ പ്രതിഷേധം ഉപേക്ഷിച്ചു. ഇതോടെ കാനോനിക നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അതാത് രൂപത മെത്രാന്‍മാരോട് സിനഡ് നിര്‍ദ്ദേശിച്ചു.

Read Also: തിരുവനന്തപുരത്ത് പതിനാറുകാരി പ്രസവിച്ച നവജാതശിശു മരിച്ചു

സഭാ നിയമപ്രകാരം വൈദിക വ്യത്തിയില്‍ നിന്ന് പോലും പുറത്താക്കാന്‍ കഴിയുന്ന കുറ്റങ്ങളാണ് വിമത വൈദികര്‍ക്കെതിരെ സിനഡില്‍ കര്‍ദ്ദിനാള്‍ പക്ഷം ചുമത്തിയിരിക്കുന്നത്. സഭയെ ആകെ പിടിച്ചുകുലുക്കിയ ഭൂമി കച്ചവട വിവാദം വിമതവൈദികരുടെ സൃഷ്ടിയാണെന്ന് വ്യാജ രേഖാ കേസിലെ കുറ്റപത്രം മുന്‍നിര്‍ത്തി കര്‍ദ്ദിനാള്‍ പക്ഷം സ്ഥാപിച്ചു. ഭൂമി കച്ചവടത്തില്‍ തെറ്റ് സംഭവിച്ചില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും ഇതിന് സഹായകമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കച്ചവടവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ അതിരൂപത വികാരി അപ്പസ്‌തോലിക്ക് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയിലിന് സിനഡ് നിര്‍ദ്ദേശം നല്‍കി.

അതേസമയം ഭൂമി കച്ചവടത്തിനായി വ്യാജ പട്ടയം നിര്‍മ്മിച്ചെന്ന എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് സിനഡ് പരിഗണിച്ചതേയില്ല. സീറോമലബാര്‍ സഭാ സിനഡില്‍ കല്‍ദായ ലോബി പിടിമുറുക്കുന്ന കാഴ്ച്ചക്കും സമ്മേളനം സാക്ഷ്യം വഹിച്ചു. രണ്ട് അതി രൂപതകള്‍ വിഭജിച്ച് പുതിയ രൂപതകള്‍ വരുന്നതും. ഇന്ത്യക്ക് അകത്തും പുറത്തുമായി വരുന്ന നാല് പുതിയ രൂപതകളും ഒപ്പം രൂപത ഭരണത്തില്‍ നിന്ന് വിരമിച്ച മെത്രാന്‍മാര്‍ക്ക് പകരക്കാരായും ചില രൂപതകളിലെ സഹായമെത്രാന്മാരും അടക്കം നാല് പുതിയ മെത്രാന്മാരുടെ തിരഞ്ഞെടുപ്പും ഈ സിനഡില്‍ നടന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ ഓഗസ്റ്റില്‍ നടക്കുന്ന സിനഡിന് ശേഷമാകും നടത്തുക. പ്രധാനമന്ത്രിയേയും ബിജെപി നേതാക്കളെയും കണ്ട് ചര്‍ച്ചകള്‍ നടത്തുന്നതിന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സിനഡ് സമ്മതം നല്‍കിയതാണ് മറ്റൊരു പ്രധാന തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button