ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍ അയല്‍ രാജ്യങ്ങള്‍ക്കും നല്‍കാന്‍ തയ്യാറെടുപ്പ് നടത്തുന്നു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കം.
നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്സിന്‍ ആവശ്യപ്പെട്ടത്. മ്യാന്‍മറും ബംഗ്ലാദേശും സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്‍ ശ്രീലങ്കയ്ക്ക് കൂടി ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച ഓക്സ്ഫഡ് – അസ്ട്രാസെനക്കയുടെ കോവിഷീല്‍ഡ് വാക്സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ എന്നിവയാണ് ഇന്ത്യ അയച്ച് കൊടുക്കുക.
ആദ്യത്തെ കയറ്റുമതിയ്ക്ക് പണം ഈടാക്കില്ല. അടുത്ത ഷിപ്മെന്റുകള്‍ക്ക് ഓരോ കമ്പനിയ്ക്കും രാജ്യങ്ങള്‍ പണം നല്‍കി വാങ്ങേണ്ടി വരും. ബ്രസീലിന്റെ ഫിയോക്രൂസ് ഇന്‍സ്റ്റിറ്റ്യൂട്ട്, സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പു വെച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഇങ്ങനെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.
Post Your Comments