തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ സഹോദരന്‍ എ കെ രാഘവന്‍ നമ്പ്യാരുടെ മകന്‍ അരുണ്‍ കുമാറിന്റെ സ്ഥാപനത്തിനും ജപ്തി നോട്ടീസ് അയച്ച് കെ എഫ്സി. പതിനാറര കോടി രൂപയിലധികമാണ് അരുണ്‍കുമാറിന്റെ മിര്‍ റിയല്‍ടോര്‍സ് കമ്പനി കെഎഫ്സിക്ക് തിരിച്ചടയ്ക്കാനുള്ളത്. ഈ സാഹചര്യത്തില്‍ 2002ലെ സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികള്‍ക്ക് പത്രപരസ്യം നല്‍കിയിരിക്കുകയാണ് കെഎഫ്സി. മിര്‍ റിയല്‍ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍, ഡയറക്ടര്‍മാരായ പിച്ച ബഷീര്‍, സിജി ബഷീര്‍ പിച്ച,സിമി ബഷീര്‍, പാറയില്‍ മാത്യു, ലിസി മാത്യു, മിര്‍ പ്രോജക്‌ട്സ് ആന്‍ഡ് കണ്‍സള്‍ട്ടന്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് കെഎഫ്സി ജപ്തി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാൽ പിണറായി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഫ്സി കമ്മ്യൂണിസ്റ്റ് നേതാവും പാവങ്ങളുടെ പടത്തലവന്‍ എന്ന് ഇടതുപക്ഷം ആവേശത്തോടെ വിളിക്കുകയും ചെയ്യുന്ന എ കെ ഗോപാലന്റെ സഹോദരന്റെ മകനെതിരെ ജപ്തി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കടമെടുത്ത് പണം അടയ്ക്കാത്തവര്‍ക്ക് ഇനി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൊടുക്കുക എട്ടിന്റെ പണിയെന്ന് മുമ്പ് തന്നെ ടോമിന്‍ തച്ചങ്കരി മുന്നറിയിപ്പ് നല്‍കിയിരുന്നു. എകെജിയുടെ കുടുംബത്തില്‍ തന്നെ കയറി കളിക്കുന്നത് മറ്റ് പരല്‍മീനുകള്‍ക്കും രക്ഷയില്ലെന്ന മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി തന്നെയാണ്. കിട്ടാക്കടം പിരിച്ചെടുക്കുക, അല്ലെങ്കില്‍ ജപ്തി ചെയ്യുക എന്നതാണ് തച്ചങ്കരി ലക്ഷ്യമിടുന്നത്. 16,67,75,324 രൂപയാണ് മിര്‍ കമ്പനി കെഫ്സിക്ക് നല്‍കാനുള്ളത്.
Read Also: വനിതകളെ പരിഗണിക്കണം’; ബിജെപിയുടെ തന്ത്രം കടമെടുത്ത് ലീഗ്
സര്‍ക്കാര്‍ സ്ഥാപനത്തെ പറ്റിച്ച് മുങ്ങി നടക്കുന്നവരെ തളയ്ക്കാന്‍ തന്ത്രപരമായ നീക്കം നടത്തുകയാണ് കെ എഫ് സി. സിഎംഡി ടോമിന്‍ തച്ചങ്കരി നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയത് കിട്ടാകടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ്. മൊത്തം ബിസിനസിന്റെ നാല്‍പത് ശതമാനത്തോട് അടുത്ത് കിട്ടാക്കടമാണ്. ഇത് മാറ്റാന്‍ കെ എഫ് സിയെ സിബിലിന് കീഴിലേക്ക് കൊണ്ടു വരികയാണ്. ഡിജിപി റാങ്കുള്ള ടോമിന്‍ തച്ചങ്കരിയുടെ ഇടപെടലാണ് നിര്‍ണ്ണായകമാകുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ ഡിജിപി കേഡര്‍ കിട്ടിയ തച്ചങ്കരിക്ക് സര്‍ക്കാര്‍ നല്‍കിയത് കെ എഫ് സിയുടെ ചുമതലയാണ്. കെ എസ് ആര്‍ ടി സിയിലേയും കണ്‍സ്യൂമര്‍ ഫെഡിലേയും അഴിമതി വിരുദ്ധ പോരാട്ടം കെ എഫ് സിയിലും തച്ചങ്കരി നടത്തി. ഇതോടെയാണ് വന്‍കിട മുതലാളിമാരുടെ അടക്കം കിട്ടാക്കടം കണ്ടെത്തിയത്. സിബില്‍ കുരുക്കില്‍ കെ എഫ് സിയെ മുന്നോട്ട് കൊണ്ടു പോകാനുള്ള തന്ത്രപരമായ തീരുമാനവും ഇതിന്റെ ഭാഗമാണ്. കൂടുതല്‍ വായ്പകള്‍ അര്‍ഹിക്കുന്നവര്‍ക്ക് കിട്ടാനാണ് ഇത്.
ഇതു പ്രകാരം വായ്പാ വിവരങ്ങള്‍ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സിബിലില്‍ നല്‍കും. കെ എഫ് സിയില്‍ വായ്പാ തിരിച്ചടവ് കുറയുന്നവര്‍ക്ക് ഇതോടെ സിബില്‍ സ്‌കോര്‍ കുറയും. മറ്റ് ബാങ്കുകള്‍ സിബില്‍ സ്‌കോര്‍ പരിശോധിച്ചാണ് വായ്പകള്‍ നല്‍കുന്നത്. ഇതോടെ കെ എഫ് സിയെ പറ്റിക്കുന്നവര്‍ക്ക് മറ്റ് ബാങ്കുകളുടെ സഹായം കിട്ടാതെ വരും. നിലവില്‍ സിബിലില്‍ കെ എഫ് സി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ കെ എഫ് സിയില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കില്ലാത്തവര്‍ക്കും മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടും. അതുകൊണ്ട് തന്നെ വന്‍കിടക്കാര്‍ കൂസലില്ലാതെ കെ എഫ് സിയെ പറ്റിച്ചു.
Post Your Comments