കായംകുളം : മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടന പോസ്റ്ററിനെ ചൊല്ലി സിപിഎമ്മിൽ പുതിയ പോര്. പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്ററില്‍ നിന്ന് സ്ഥലം എംഎല്‍എ യു. പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയതാണ് പുതിയ പ്രശ്നത്തിന് കാരണമായിരിക്കുന്നത്. അതേസമയം പോസ്റ്റിന് താഴെയുള്ള കമന്റുകളില്‍ ഇതിനെതിരേയുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. ഇതോടെ അല്‍പം മുമ്പ് പോസ്റ്റ് പിന്‍വലിച്ചു.
ഏഴരക്കോടിയിലധികം രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച മുട്ടേൽ പാലത്തിന്‍റെ ഉദ്ഘാടനം നാളെയാണ്. പാലത്തിന്‍റെ ക്രെഡിറ്റ് പൂർണ്ണമായും മന്ത്രി ജി. സുധാകരന് നൽകുകയാണ് സിപിഎം കായംകുളം ഏരിയ കമ്മിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററിൽ സ്ഥലം എംഎൽഎ യു. പ്രതിഭയില്ല. ഇതിനെതിരെ പാർട്ടി പ്രവർത്തകരും അനുഭാവികളും രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്.
മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് പ്രതിഭയോടുള്ള അതൃപ്തിയാണ് പോസ്റ്ററില്‍ നിന്ന് പ്രതിഭയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. അതേസമയം കായംകുളം എംഎൽഎ യു. പ്രതിഭയും ഒരു വിഭാഗം സിപിഎം നേതാക്കളുമായി പോര് തുടങ്ങിയിട്ട് നാളേറെയായി. കോവിഡ് കാലത്ത് പോലും എംഎൽഎ – ഡിവൈഎഫ്ഐ പോര് പരസ്യമായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു. പ്രതിഭയ്ക്ക് പാർട്ടി സീറ്റ് നൽകില്ലെന്നും ഒരുവിഭാഗം നേതാക്കൾ പറഞ്ഞിരുന്നു. ഏരിയ ഭാരവാഹികൾ മുതൽ ജില്ലാ കമ്മിറ്റി അംഗങ്ങൾ വരെ ഇതിലുണ്ട്. പലരും കായംകുളം സീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നവരുമാണ്.
Post Your Comments