
കണ്ണൂര്‍ : സേവാഭാരതിയുടെ ‘തല ചായ്ക്കാനൊരിടം’ പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക് നല്‍കിയത്. ഭവനരഹിതരായ മൂന്നു പേര്‍ക്ക് സേവാഭാരതി ഇവിടെ വീട് നിര്‍മ്മിച്ച് നല്‍കും.
കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നതിന് സ്ഥലം നൽകാനായിരുന്നു അബ്ദുള്ളക്കുട്ടി ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് കാണിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് കത്തെഴുതിയെങ്കിലും അനുകൂല മറൂപടിയുണ്ടായില്ല. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുമെന്ന കോണ്‍ഗ്രസ്സ് പ്രഖ്യാപനം വെറും ഒരു വാക്ക് മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം ബിജെപിയിലെത്തി ഇന്ത്യ മുഴുവൻ യാത്ര ചെയ്തപ്പോഴാണ് ഏറ്റവുമധികം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സേവാഭാരതിയാണെന്ന് മനസിലായത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരിലെ ദേശമംഗലം പഞ്ചായത്തിലെത്തിയപ്പോള്‍ അവിടെ പ്രളയത്തില്‍ വീട് പോയ 17 ആളുകള്‍ക്ക് സേവാഭാരതി വീടു വച്ച് നല്‍കിയ പുനര്‍ജനി എന്ന ഗ്രാമം കണ്ടു. ഇത്തരത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് സേവാഭാരതി ഭാരതത്തിലുടനീളം മതവും രാഷ്ട്രീയവും നോക്കാതെ ചെയ്ത് വരുന്നത്. ഈ ഭൂദാനം ധന്യമാകണമെങ്കില്‍ അത് ഏല്‍പ്പിക്കേണ്ടത് സേവാഭാരതിയെ ആണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
Post Your Comments