ചെന്നൈ : ജല്ലിക്കെട്ടിന്റെ പ്രധാന കേന്ദ്രമായ മധുരയിലെ അവണിയപുരത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. തമിഴ്നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന കാര്‍ഷിക വിനോദമാണ് ജല്ലിക്കെട്ട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകനും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിനും രാഹുലിന് ഒപ്പമുണ്ട്.
ജല്ലിക്കെട്ട് കാണാന്‍ വന്നത് തമിഴ്നാടിന്റെ ചരിത്രവും സംസ്‌കാരവും പഠിയ്ക്കാനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ് ജനതയുടെ ചരിത്രവും സംസ്‌കാരവും കാത്തു സൂക്ഷിക്കേണ്ടത് തന്റെ കൂടി കടമയാണെന്നും രാഹുല്‍ വ്യക്തമാക്കി. രാഹുലിന്റെ സന്ദര്‍ശനം ആവേശം പകരുന്നതാണെന്ന് ഉദയനിധി സ്റ്റാലിനും അഭിപ്രായപ്പെട്ടു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്ന വേളയില്‍, രാഹുല്‍ കാര്‍ഷിക വിനോദമായ ജല്ലിക്കെട്ട് കാണാനെത്തുന്നത്, കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കല്‍ കൂടിയാണെന്ന് തമിഴ്നാട് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എസ് അളഗിരി പറഞ്ഞു. കാളകള്‍ കര്‍ഷകരുടെ പ്രതീകവും അവരുടെ ജീവിതത്തിന്റെ ഭാഗവുമാണെന്നും അളഗിരി പറഞ്ഞു.
Post Your Comments