എടത്വ: പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ഓരുവെള്ളം കയറുന്നതുമൂലം പ്രതിസന്ധിയിലായി കർഷകർ.തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും കയറുന്ന ഓരുജലം കരുവാറ്റ ലീഡിങ് ചാനൽ വഴി കയറി പമ്പാനദിയിൽ എത്തുകയും തകഴി പുല്ലങ്ങടി വരെ കടുത്ത ഉപ്പുവെള്ളമാകുകയും ചെയ്യുന്നു.ലീഡിങ് ചാനലിന്റെ കിഴക്കേ അറ്റം മുതൽ തകഴി വടക്കു വരെ ഇതാണ് അവസ്ഥ. ഇതോടെ നദിയുടെ ഇരു വശങ്ങളിലുമായി കിടക്കുന്ന എല്ലാ പാടശേഖരങ്ങളിലും ഓരുജല ഭീഷണിയാണ്. കൃഷിക്ക് ആവശ്യമായ വെള്ളം കയറ്റാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
നദിയോരത്ത് ചേർന്ന് കിടക്കുന്ന പാടശേഖരങ്ങളിൽ ഉറവയായി ഓരു വെള്ളം എത്തി നെൽച്ചെടികൾ കരിയുന്ന അവസ്ഥയിലാണ്. ചെറുതന കൃഷി ഭവൻ പരിധിയിൽ വരുന്ന തണ്ടപ്രതേവേരി, നൂറുപറ, നടുപ്പോച്ച, മടയനാരി, അച്ചനാരി കുട്ടങ്കേരി, ദേവസ്വം തുരുത്ത്, കിഴക്കേപോച്ച വടക്ക്, പോച്ച 400, ചെങ്ങളത്തു പോച്ച, തകഴി കൃഷിഭവൻ പരിധിയിൽ വരുന്ന വണ്ടകപ്പുറം, ചെട്ടുതറക്കരി, കൊല്ലനാടി, കോനാട്ടുകരി, പോളേപ്പാടം, കാട്ടാത്രക്കടവ്, തെന്നടി വടക്ക്, ഐവേലിക്കാട് തുടങ്ങിയ പാടങ്ങളെല്ലാം ഭീഷണി നേരിടുകയാണ്. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
Post Your Comments