തലപ്പുഴ : പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാകുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ കർഷകരുടെ വാഴത്തോട്ടം മുഴുവൻ നശിപ്പിച്ച നിലയിലാണ്.
കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയാണ് തുടർച്ചയായി കൃഷി നശിപ്പിക്കുന്നത്. രാത്രിയിൽ കാട്ടുപന്നികളും പകൽ കുരങ്ങുകളുമാണ് കൃഷിയിടത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം വട്ടപ്പൊയിൽ മോഹനന്റെ വരയാലിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികൾ ഒട്ടേറെ വാഴകൾ നശിപ്പിച്ചു. പേര്യ, ഇരുമനത്തൂർ, വട്ടോളി, പാറത്തോട്ടം, തലപ്പുഴ, അമ്പലക്കൊല്ലി, മക്കിമല എന്നിവിടങ്ങളിലും സമാന സ്ഥിതിയുണ്ട്. കാപ്പി പഴുത്തുതുടങ്ങിയതോടെ കൂട്ടമായി കാപ്പിത്തോട്ടത്തിലെത്തുന്ന കുരങ്ങുകൾ പഴുത്ത കാപ്പിയുടെ ചില്ലകൾ മുറിച്ചുകൊണ്ടുപോകുകയാണെന്ന് കർഷകർ പറയുന്നു.
നെൽക്കൃഷിയും ഇവ തിന്നുനശിപ്പിക്കുന്നുണ്ട്. വന്യമൃഗശല്യത്തെ പ്രതിരോധിക്കാനാകാതെ ഇവിടങ്ങളിൽ കർഷകർ നട്ടം തിരിയുകയാണ്. കൃഷിയുടെ ചെലവിനേക്കാളും ഇരട്ടി തുക കൃഷിസംരക്ഷണത്തിന് ചെലവഴിക്കേണ്ട ഗതികേടിലാണ് കർഷകർ. അധികൃതർ എന്തെങ്കിലും നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Post Your Comments