ചെറുതുരുത്തി: പൈങ്കുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൈങ്കുളം തൊഴുപ്പാടം കൊക്കോട്ടിൽ വീട്ടിൽ വിനോദ് (36), പൈങ്കുളം വാഴാലിപ്പാടം കല്ലാറ്റുപടി വീട്ടിൽ അജിത്ത് (25) എന്നിവരെയാണ് സി.ഐ സുരേന്ദ്രൻ കല്ലിയാടനും സംഘവും അറസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടുദിവസം മുമ്പാണ് പൈങ്കുളം വാഴാലിപ്പാടത്ത് പന്നികളെ ഷോക്കേൽപിച്ചു പിടികൂടുന്നതിനിടെ രോഹിത്ത് (26) എന്ന യുവാവ് ദാരുണമായി മരിച്ചത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണം ആരംഭിക്കുകയാണ് ഉണ്ടായത്.
പന്നിയെ പിടിക്കാനായി ഷോക്ക് ഇട്ട വെള്ളത്തിൽനിന്നാണ് രോഹിത്തിന് ഷോക്കേറ്റതെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രാഥമിക അേന്വഷണത്തിന് എത്തിയപ്പോൾ കണ്ട വയറുകളും കമ്പികളും പിന്നീട് കാണാതായപ്പോൾ കൂടുതൽ അന്വേഷണം ഊർജിതമാക്കുകയാണ് ഉണ്ടായത്.
പിന്നീട് നടത്തിയ തിരിച്ചിലാണ് കമ്പിയും വയറുകളും അടുത്തുള്ള പറമ്പിലെ പൊട്ടക്കിണറ്റിൽനിന്ന് കിട്ടിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയുണ്ടായി. മനഃപൂർവമല്ലാത്ത നരഹത്യ, കാട്ടുമൃഗങ്ങളെ അപായപ്പെടുത്തൽ, വൈദ്യുതി മോഷണം തുടങ്ങി വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഇവരെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനുമുമ്പും ഈ രണ്ട് പ്രതികളും വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്വേഷണത്തിന് എസ്.ഐമാരായ മൊയ്തീൻ കുട്ടി, ആൻറണി ക്രോംസൺ, മുഹമ്മദ് അഷറഫ്, അഡീഷനൽ എസ്.ഐ അശോകൻ, സി.പി.ഒമാരായ അനിൽ, രംഗരാജ് എന്നിവർ നേതൃത്വം നൽകി.
Post Your Comments