അഞ്ജു പാർവതി പ്രഭീഷ്
കോവിഷീൽഡ് വാക്സിൻ കവറിൽ ആലേഖനം ചെയ്തിരിക്കുന്ന “സർവേ സന്തു നിരാമയാഃ” മന്ത്രം കണ്ട് അത് കേന്ദ്രസർക്കാരിന്റെ ബ്രാഹ്മണിക്കൽ ഹെജിമണിയായും ഹിന്ദുരാജ്യത്തിലേയ്ക്കുള്ള പ്രയാണമായും അത് ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നതിന്റെ ഇംപാക്ടും മോദിജിയുടെ സവർണ്ണ ഹൈന്ദവതയായും മിസ്ഗൈഡ് ചെയ്ത് ഗിബൽസിയൻ നുണകൾ പടച്ചുവിടുന്നവരോട്,
ഭാരതത്തിലെ വിവിധ സ്ഥാപനങ്ങളുടെ ഔദ്യോഗികമുദ്രകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന അർഥപൂർണവും ആശയസമ്പുഷ്ടവുമായ ആപ്തവാക്യങ്ങൾ മിക്കതും വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, കാളിദാസാദി മഹാകവികളുടെ കാവ്യഗ്രന്ഥങ്ങൾ എന്നിവയിൽനിന്നൊക്കെ സ്വീകരിച്ച അമൂല്യങ്ങളായ വാക്യങ്ങളാണ് മതേതരരേ!
Also Read: റോഡിൽ കൂറ്റൻ ആൽമരം കടപുഴകിവീണു ; യുവാവിന് പരിക്ക്
മഹാഭാരതത്തിൽ പല ഘട്ടങ്ങളിലും ആവർത്തിച്ചുദ്ഘോഷിക്കുന്ന തത്ത്വശകലമാണ് യതോ ധർമ്മസ്തതോ ജയഃ എന്നത്. ‘ധർമമെവിടെയാണോ അവിടെ ജയം’ എന്നർഥം വരുന്ന ആ ആദർശവാക്യമാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ചിഹ്നത്തിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ പേരിൽ പരമോന്നത നീതിപീഠത്തെയും വിധിന്യായങ്ങളെയും നിങ്ങൾ ബഹിഷ്കരിക്കുമോ? തള്ളിപ്പറയുമോ?
”സത്യം ശിവം സുന്ദരം” – ഭാരതീയ തത്വചിന്തയുടെ മുഴുവനൻ സൌന്ദര്യവും ഉൾക്കൊള്ളുന്ന ഈ ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന സ്ഥാപനമാണ് ദൂരദർശൻ. ഒരു കാലത്ത് ഒരു ജനതയുടെ ആകമാനം വിനോദോപാധിയായിരുന്ന ദൂരദർശനെ, ഇതിന്റെ പേരിൽ വർഗ്ഗീയസ്ഥാപനമായി കണ്ട് ആരെങ്കിലും ബഹിഷ്കരിച്ചിരുന്നോ?
Also Read: ചാണക പെയിൻ്റ് പുറത്തിറക്കി കേന്ദ്ര സർക്കാർ, ആദ്യം ഉപയോഗിക്കുക സർക്കാരോഫീസുകളിൽ
ഭാരതസർക്കാരിന്റെ ഔദ്യോഗികമുദ്രയായ അശോകസ്തംഭത്തിൽ സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. സത്യമേവ ജയതേ നാനൃതം എന്നാണ് മുണ്ഡകോപനിഷത്തിൽ നിന്നുദ്ധരിച്ച മന്ത്രത്തിന്റെ പൂർണരൂപം. സത്യം മാത്രം ജയിക്കുന്നു, അസത്യം ജയിക്കില്ല എന്നാണ് ഈ വാക്യം അർഥമാക്കുന്നത്. ഇതിന്റെ പേരിൽ ആർക്കെങ്കിലും അസഹിഷ്ണുത തോന്നിയിരുന്നുവോ?
ഒരു വ്യക്തിയുടെ ഏതൊരവകാശത്തെയും സംരക്ഷിച്ചുനൽകാനുള്ള ബാധ്യതയോടുകൂടി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ കമ്മിഷൻ സുപ്രസിദ്ധമായ ശാന്തിമന്ത്രത്തിലെ സർവ്വേ ഭവന്തു സുഖിനഃ എന്ന പ്രഥമ പാദം ഔദ്യോഗിക ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. എല്ലാവരും സുഖമായിത്തീരട്ടെ എന്നാണ് ഈ പദ്യഭാഗം ആശംസിക്കുന്നത്. ഇതിന്റെ പേരിൽ മനുഷ്യാവകാശ കമ്മിഷനെ നിങ്ങൾ ബഹിഷ്കരിക്കുമോ? വിമർശിക്കുമോ?
കാളിദാസ മഹാകവിയുടെ കുമാരസംഭവത്തിലെ ശരീരമാദ്യം ഖലു ധർമസാധനം എന്ന സുപ്രസിദ്ധമായ ശ്ലോകപാദമാണ് ആതുരചികിത്സാരംഗത്തെ പ്രമുഖരായ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ആപ്തവാക്യം. എന്താ എയിംസിനെ വർഗ്ഗീയസ്ഥാപനമായി, അഥവാ ഹൈന്ദവതയുടെ പ്രതീകമായി നിങ്ങൾ കാണുന്നുണ്ടോ?
Also Read: ശബരിമലയിൽ വരുമാനമില്ല, സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് ദേവസ്വംബോര്‍ഡ്
സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്- എസ്.സി.ഇ.ആർ.ടി. യുടെ (ഡൽഹി) മുദ്രയിലാകട്ടെ സ്വാധ്യായാന്മാ പ്രമദഃ എന്ന തൈത്തിരീയോപനിഷത്ത് ശിക്ഷാവല്ലിയിലെ മന്ത്രഭാഗം സ്വീകരിച്ചിരിക്കുന്നു.അധ്യയനത്തിൽനിന്നും അധ്യാപനത്തിൽനിന്നും നീ തെറ്റിനടക്കരുത്’ എന്ന ഗുരൂപദേശമാണ് പ്രസക്തമായ മന്ത്രഭാഗത്തിൽ അടങ്ങിയിരിക്കുന്നത്. എന്താ ഇത് ബ്രാഹ്മണിക്കൽ ഹെജിമണിയാണോ?
സർവകലാശാലാ വിദ്യാഭ്യാസത്തെ ഗുണനിലവാരമുള്ളതാക്കാൻ സ്ഥാപിച്ച യു.ജി.സി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷൻ ജ്ഞാന വിജ്ഞാനം വിമുക്തയേ എന്ന സൂക്തം ആദർശവാക്യമായി സ്വീകരിച്ചിരിക്കുന്നു. അറിവും വിശേഷജ്ഞാനവും മോചനത്തിന് സഹായിക്കുന്നുവെന്നാണ് ഈ വാക്യത്തിന്റെ പൊരുൾ. അതിന്റെ പേരിൽ യു.ജി.സിയെ ഹൈന്ദവതയുടെ ചുരുക്കെഴുത്തായി കാണുന്നുണ്ടോ?
ഭഗവദ്ഗീതയിലെ യോഗക്ഷേമം വഹാമ്യഹം എന്ന ശ്രീകൃഷ്ണവാക്യമാണ് എൽ.ഐ.സി.യുടെ മുഖവാക്യം. കാറ്റിൽപ്പെട്ട ദീപനാളംപോലെ ഏതുനിമിഷവും അണഞ്ഞുപോയേക്കാവുന്ന മർത്ത്യജീവിതത്തിൽ കുടുംബത്തിന്റെ യോഗവും ക്ഷേമവും തങ്ങൾ വഹിച്ചുകൊള്ളാമെന്ന എൽ.ഐ.സിയുടെ വാഗ്ദാനം ഒരു വിഭാഗത്തിനു മാത്രമായിട്ടുള്ളതാണോ?
കേരളത്തിലെ ശാസ്ത്ര-സാങ്കേതിക സർവകലാശാലയായ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഔദ്യോഗിക മുദ്രയിൽ വിശ്വപ്രസിദ്ധമായ ഉപനിഷദ് ശാന്തിമന്ത്രത്തിലെ തേജസ്വി നാ വധീത മസ്തു എന്ന ഭാഗം മലയാളത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. കഠോപനിഷത്തിലും തൈത്തിരീയോപനിഷത്തിലെ ബ്രഹ്മാനന്ദവല്ലിയിലും ആവർത്തിച്ചുകാണുന്ന, ഗുരുശിഷ്യബന്ധത്തിന്റെ ദൃഢതയെ ഉയർത്തിക്കാട്ടുന്ന ഈ മന്ത്രപാദത്തിന്റെ അർഥം ഞങ്ങൾ പഠിച്ചതെല്ലാം തെളിഞ്ഞുവരട്ടെ എന്നതാണ്. എന്താ കുസാറ്റ് ഒരു ഹൈന്ദവ സ്ഥാപനമാണോ?
Also Read: പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു
യജുർവേദത്തിൽ നിന്നെടുത്തതാണ് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയുടെ യത്ര വിശ്വം ഭവത്യേക നീഡം എന്ന ആപ്തവാക്യം. ഇവിടെ ലോകം ഒരു പക്ഷിക്കൂടായി ഭവിക്കുന്നു എന്നാണ് ഈ വചനത്തിന്റെ അർത്ഥം. വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചത് ഭാരതീയ ജനതാപാർട്ടി ആണോ ? അവിടെ പഠിക്കുന്നത് ഹൈന്ദവർ മാത്രമാണോ? ഇനിയും ചൂണ്ടി കാണിക്കാൻ ഉദാഹരണങ്ങളേറെയാണ്.
രാഷ്ട്രത്തിനു രാഷ്ട്രീയത്തേക്കാൾ പ്രാധാന്യം നല്കുന്ന വിവിധമതത്തിലുൾപ്പെടുന്ന യഥാർത്ഥ ഇന്ത്യക്കാർക്ക് ഈ ആപ്തവാക്യങ്ങൾ ഒരു വിഷയമേ ആവുന്നില്ല. അതിനാൽ തന്നെ കൊവിഷീൽഡ് വാക്സിൻ എന്നത് അവരെ സംബന്ധിച്ച് സ്വന്തം രാജ്യത്തിന്റെ, ഭാരതത്തിന്റെ അഭിമാനസംഭാവനകളിൽ ഒന്ന് മാത്രമാകുന്നു. എന്നാൽ രാഷ്ട്രത്തേക്കാൾ രാഷ്ട്രീയവും മതവും മാത്രം തലച്ചോറിൽ പേറുന്നവർക്ക് സർവേ സന്തു നിരാമയാഃ എന്ന ആപ്തവാക്യം വിവാദ വാക്യമാകുന്നു. ആശയത്തിനുപകരം അസഹിഷ്ണുത തലച്ചോറിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ നവലിബറൽ സരസഭാഷകർ ഊടുവഴികളിലൂടെ ഇത്തരം അനാവശ്യ പ്ലക്കാർഡുമായി ഊരുചുറ്റിയേക്കാം. അത്തരക്കാരെ അവഗണിക്കുകയെന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൊളിറ്റിക്സ്.
സർവേ ഭവന്തു സുഖിനഃ
സർവേ സന്തു നിരാമയാഃ
സർവേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖ: ഭാഗ്ഭവേത്
Post Your Comments