വിക്കെറ്റെടുത്ത് ശ്രീശാന്തിൻ്റെ തിരിച്ചുവരവ്

നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരള ബോളർമാരിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

മുംബൈ: വിവാദങ്ങളും വിലക്കും തീർത്ത നീണ്ട ഇടവേളയ്ക്കുശേഷം കളിക്കത്തിലേക്കു തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്. ഇന്ത്യൻ പേസർ ശ്രീശാന്തിൻ്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനെതിരെ നിശ്ചിത 20 ഓവറിൽ പുതുച്ചേരി138 റൺസ് നേടിയിട്ടുണ്ട്.

പുതുച്ചേരിയുടെ ഓപ്പണർ ഫാബിദ് അഹമ്മദിനെ ക്ലീൻ ബൗൾഡാക്കിയാണ് ശ്രീശാന്ത് രണ്ടാം വരവിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി തൻ്റെ തിരിച്ചു വരവറിയിച്ചത്. ഏഴു പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസുമായി മികച്ച ഇന്നിംഗ്സിലേക്ക് നീങ്ങുന്നതിനിടയിലാണ് ഫാബിദ് ശ്രീശാന്തിന് വിക്കറ്റ് സമ്മാനിച്ചത്. നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കെറ്റെടുത്തതാണ് മത്സരത്തിലെ താരത്തിൻ്റെ ബോളിംഗ് പ്രകടനം. നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരള ബോളർമാരിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പുതുച്ചേരിയെ കേരള അതിഥി താരം ജലജ് സക്സേനയുടെ മൂന്നു വിക്കറ്റ് നേട്ടത്തിൽ 138 റൺസിന് ഒതുക്കുകയായിരുന്നു. 29 പന്തിൽ 33 റൺസെടുത്ത അഷിത് രാജീവാണ് പുതുച്ചേരിയുടെ ടോപ് സ്കോറർ. അഷിത് രാജീവും 18 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്ന താമരക്കണ്ണനുമായി ചേർന്ന് പിരിയാത്ത ഏഴാം വിക്കറ്റിൽ നേടിയ 51 റൺസാണ് പുതുച്ചേരി ഇന്നിംഗ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

Share
Leave a Comment