പന്തളം : കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തിരുവാഭരണ ഘോഷയാത്ര 12-ന് ചൊവ്വാഴ്ച പുറപ്പെടും. ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടി സേവിയ്ക്കില്ല. കൊട്ടാരം കുടുംബാംഗത്തിന്റെ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത്. ശ്രാമ്പിയ്ക്കല്‍ കൊട്ടാരത്തിലെ ശങ്കര്‍ വര്‍മ്മയാണ് ഇത്തവണ രാജപ്രതിനിധി.
അനുമതി നല്‍കിയ 120 പേരും സുരക്ഷാ സേനയുമൊഴികെ ആരെയും ഘോഷയാത്രയ്‌ക്കൊപ്പം പോകാന്‍ അനുവദിക്കുകയില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം കാര്യദര്‍ശി പുണര്‍തം നാള്‍ നാരായണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജപ്രതിനിധിയുടെ യാത്ര ഉപേക്ഷിച്ച സാഹചര്യത്തില്‍ രാജചിഹ്നമായ പല്ലക്കുമായി വാഹകസംഘം ഇത്തവണ സന്നിധാനത്തേയ്ക്ക് യാത്ര തിരിയ്ക്കില്ല.
ശബരിമലയില്‍ പന്തളം രാജകുടുംബം ആചാരപരമായി അനുഷ്ഠിയ്‌ക്കേണ്ട കര്‍മ്മങ്ങളായ നെയ്യഭിഷേകം, കളഭാഭിഷേകം, മാളികപ്പുറത്തെ ഗുരുതി എന്നിവ പൂര്‍വാചാരപ്രകാരം മുന്‍ രാജപ്രതിനിധി ഉത്രം തിരുനാള്‍ പ്രദീപ് കുമാര്‍ വര്‍മ്മയും മറ്റ് രാജകുടുംബാംഗങ്ങളും സന്നിധാനത്ത് നടത്തും.
Post Your Comments