കോട്ടയം : കഴിഞ്ഞ നാലു വർഷമായി ഉമ്മന്‍ചാണ്ടിയുമായി ഒരു തര്‍ക്കവുമില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. ഉമ്മന്‍ചാണ്ടി യുഡിഫിന്റെ മുന്‍ നിരയില്‍ നിന്ന് സര്‍ക്കാരിനെതിരെ സമരം നയിക്കണം. ജനപക്ഷത്തിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് പതിനൊന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കോട്ടയത്തു നടത്തിയ വാർത്താസമ്മേളനത്തിൽ പിസി ജോർജ് വ്യക്തമാക്കി.
ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിർക്കുന്നില്ല, ചില പ്രാദേശികമായ എതിർപ്പുകൾ ഉണ്ട്. എന്നാൽ താൻ അതിന് വലിയ വില കൽപ്പിക്കുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു.മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ താൻ വരുന്നതിനോട് വലിയ തോതിൽ അനുകൂല നിലപാടാണ് പ്രകടിപ്പിക്കുന്നത്. ആന്‍റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്നമില്ല എന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.
ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്ത നേതാവ് എന്ന നിലയിലാണ് കെ സുരേന്ദ്രന് അനുകൂലമായ നിലപാട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ എടുത്തത് എന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഉണ്ടായ വലിയ തിരിച്ചടിയാണ് ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ യുഡിഎഫിനുള്ളിൽ നിന്ന് അനുകൂല ചർച്ചകൾ ഉണ്ടായത്. താൻ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യുഡിഎഫ് പരാജയപ്പെടില്ലായിരുന്നു എന്നും പിസി ജോർജ് പറഞ്ഞു. മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം കുറവിലങ്ങാട് സീറ്റുകളാണ് ജോർജ് ചൂണ്ടിക്കാട്ടുന്നത്. ഈ നാല് സീറ്റുകൾ ലഭിച്ചിരുന്നുവെങ്കിൽ ജില്ലാ പഞ്ചായത്തിൽ ഭരണം ഉറപ്പായിരുന്നു എന്നും ജോർജ് വ്യക്തമാക്കി.
Post Your Comments