തൃശൂർ: ചലച്ചിത്ര നടനും എം പിയുമായ സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് സുരേഷ് ഗോപിയുടെ പി ആര്‍ ടീം. ഇത് സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. സുരേഷ് ഗോപി അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണത്തിന്റെ ഭാഗമാകും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ലെന്നും പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
‘സുരേഷ് ഗോപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കാണിച്ചുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. വരുന്ന സിനിമാ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ് അദ്ദേഹം. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് സമയത്ത് മുഴുവനായും താരപ്രചാരകനായി പങ്കെടുക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കില്ല. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തമില്ലാത്ത മാധ്യമങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ദയവായി അവഗണിക്കുക’, സുരേഷ് ഗോപിയുടെ പി ആര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.
നിയമസഭ സ്ഥാനാര്‍ത്ഥിയായി നേമത്ത് കുമ്മനം രാജശേഖരനോ സുരേഷ്ഗോപിയോ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. കെ സുരേന്ദ്രന്‍, കുമ്മനം, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക. സിനിമാ താരങ്ങളായ സുരേഷ്ഗോപി, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രാഥമിക പട്ടികയിലുണ്ട്. മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചു. 40 മണ്ഡലങ്ങളില്‍ ഈ മാസം ഒരു പേരിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
Post Your Comments