തിരുവനന്തപുരം : ജനവാസകേന്ദ്രങ്ങളില്‍ പാമ്പുകളെ കാണുമ്പോള്‍ ഇവയെ പിടിയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടുകളാണ് ജനങ്ങള്‍ നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. പാമ്പ് പിടുത്തക്കാരെ വിവരം അറിയിച്ച് അവര്‍ എത്തുന്ന സമയം വരെയും ഭീതി തന്നെ ആയിരിയ്ക്കും. ഇപ്പോള്‍ ജനങ്ങള്‍ക്ക് ഈ ബുദ്ധിമുട്ടുകളെ ലഘൂകരിച്ച് നല്‍കിയിരിയ്ക്കുകയാണ് വനംവകുപ്പ് ആവിഷ്കരിച്ച ‘സര്‍പ്പ’ ആപ്പ് (സ്നേക്ക് അവയര്‍നെസ് റെസ്ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്ലിക്കേഷന്‍).
പൊതുജനങ്ങളുടെ സുരക്ഷയെ ലക്ഷ്യമിട്ടാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. പാമ്പിനെ കണ്ടാല്‍ ഉടന്‍ തന്നെ സര്‍പ്പ ആപ്പില്‍ രേഖപ്പെടുത്തുക. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത പാമ്പ് പിടുത്ത സന്നദ്ധപ്രവര്‍ത്തകര്‍ക്കും സന്ദേശമെത്തും. ഉടന്‍ പാമ്പ് പിടുത്തക്കാരന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയില്‍ വിടുകയും ചെയ്യുന്നതാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. പാമ്പുകളെ കൊല്ലാതിരിയ്ക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നില നിര്‍ത്തുന്നതിനുമായാണ് വനംവകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്.
അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പ് കടിയേറ്റാല്‍ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ ഫോണ്‍ നമ്പര്‍ സഹിതമുളള വിവരങ്ങള്‍, പരിശീലനം ലഭിച്ച പാമ്പ് പിടുത്ത പ്രവര്‍ത്തകര്‍, അതത് സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പരുകള്‍, അടിയന്തര ഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍, കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ആപ്പില്‍ ലഭ്യമാണ്. പാമ്പിനെ പിടിയ്ക്കുന്നതിന് പൊതുജനങ്ങള്‍ പണമൊന്നും നല്‍കേണ്ടതില്ല. ആപ്പിന്റെ പ്രവര്‍ത്തനം താമസിയാതെ കേരളം മുഴുവന്‍ വ്യാപിപ്പിക്കും. സന്നദ്ധ പ്രവര്‍ത്തകരുടെ രക്ഷാപ്രവര്‍ത്തനം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ട്.
Post Your Comments