കശ്മീർ: കനത്ത മഞ്ഞു വീഴ്ച. കാൽമുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താൻ യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിയെ നിശ്ചയദാർഢ്യം കൈവിടാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികർ.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം.കുപ്‌വാരയിലെ കരൽപുരയിലുള്ള സൈനികരെ തേടി വടക്കൻ കശ്മീരിലെ ടാങ്മാർഹ് പ്രദേശത്തെ ഗ്രാമത്തിൽ നിന്നാണ് ഫോൺ കോൾ എത്തുന്നത്. പ്രദേശത്ത് മഞ്ഞു വീഴ്ച രൂക്ഷമാണെന്നും പ്രസവ വേദന തുടങ്ങിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കണമെന്നും അഭ്യർത്ഥിച്ചാണ് ഭർത്താവ് സൈനികരെ വിളിക്കുന്നത്.
ഉടൻ തന്നെ ഒരു ആരോഗ്യ പ്രവർത്തകനേയും കൂട്ടി സൈനികർ ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. സൈനിക ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വീട്ടിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം യുവതിയെ സ്‌ട്രെച്ചറിൽ കിടത്തി രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ യുവതി ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
Heavy snow in Kashmir brings unprecedented challenges for citizens, especially in higher reaches. Watch the Soldier & Awam fighting it out together by evacuating a patient to the nearest PHC for medical treatment. #ArmyForAwam#AmanHaiMuqam pic.twitter.com/DBXPhhh0RP
— PRO Udhampur, Ministry of Defence (@proudhampur) January 7, 2021
ഗർഭിണിയെ ചുമന്ന് കൊണ്ടു പോകുന്ന വീഡിയോ കേന്ദ്ര പ്രതിരോധ മന്ത്രാലയം പങ്കുവച്ചിരുന്നു. ഇതോടെയാണ് വിവരം പുറത്തുവരുന്നത്. സൈനികരുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുകയാണ്.
Post Your Comments