തിരുവനന്തപുരം : സ്വന്തം മുഖം രക്ഷിക്കുന്നതിന് വേണ്ടി നിയമ വ്യവസ്ഥയെ അട്ടിമറിക്കാനാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ ശ്രമം അന്വേഷണം അട്ടിമറിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു. ഡോളര്‍ കടത്ത് പോലുള്ള ഹീനമായ ഒരു കേസിന്റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് ഭയമില്ലെന്ന് സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറയുന്നു. ഭയമില്ലെങ്കില്‍ എന്തിനാണ് തന്റെ പഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നത് തടസ്സപ്പെടുത്താന്‍ സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. സ്പീക്കര്‍ക്ക് ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ അന്വേഷണവുമായി സഹകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരാനല്ലേ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നേരത്തെ ലൈഫ് മിഷനിലെ അഴിമതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില ഫയലുകള്‍ ഇഡി ആവശ്യപ്പെട്ടപ്പോള്‍ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി അത് തടയാനുള്ള ശ്രമമുണ്ടായി. അന്ന് എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ യോഗം അസാധാരണമായി പ്രീപോണ്‍ഡ് ചെയ്ത് വിളിച്ചാണ് ആ പ്രശ്‌നത്തില്‍ നടപടി സ്വീകരിച്ചത്. ആ അട്ടിമറി ശ്രമത്തിന്റെ തുടര്‍ച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെയും കാണാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments