ബീജിംഗ് : ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡില്‍ പതിനെട്ട് ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന് പഠിയ്ക്കാന്‍ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ സംഘത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അനുമതി ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയില്‍ എത്തുമായിരുന്നു.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എങ്ങനെ കോവിഡ് പടര്‍ന്നു എന്നത് കണ്ടെത്താനായിരുന്നു ലോകാരോഗ്യ സംഘടന ചൈനീസ് സന്ദര്‍ശനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം നടത്താന്‍ ചൈന ഇതുവരേയും അനുവദിച്ചിട്ടില്ല. അന്വേഷണം ആരംഭിക്കും മുന്‍പ് അവസാന നിമിഷം തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു.
അനുമതി ലഭിക്കാത്തത് വിസയുമായി ബന്ധമുളള പ്രശ്നങ്ങളാണെന്ന് കരുതുന്നെന്നും അവസാന നിമിഷം അനുമതി ലഭിക്കുമെന്ന് കരുതുന്നതായും ലോകാരോഗ്യസംഘടന അത്യാഹിതവിഭാഗം അദ്ധ്യക്ഷന്‍ മൈക്കല്‍ റയാന്‍ അഭിപ്രായപ്പെട്ടു. 2019 അവസാനമാണ് വുഹാനില്‍ ലോകത്തെ ആദ്യ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments