ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. പുതുതായി 20 കേസുകള്‍ കൂടിയാണ് ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 58 ആയി. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വൈറസ് ബാധിതരെ കണ്ടെത്തിയത്.
നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപന ശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ വിദേശത്ത് നിന്നെത്തിയവരില്‍ മാത്രമല്ല തദ്ദേശീയമായി രോഗം പിടിപെട്ടവരുടെ സ്രവവും പൂനൈ വൈറോളജി ലാബില്‍ പരിശോധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.
അതിതീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരില്‍ പിസിആര്‍ പരിശോധന നടത്തും. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ ശുചിയാക്കല്‍ എന്നിങ്ങനെയുള്ള പ്രതിരോധം തുടര്‍ന്നില്ലെങ്കില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments