COVID 19KeralaLatest NewsNewsIndia

സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയകരം; വാക്‌സിൻ ഉടൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ ഡ്രൈ റൺ വിജയം

സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളിൽ വിജയകരമായി നടന്നു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെൻമാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ.

സംസ്ഥാനത്ത് വളരെ വേഗത്തിൽ കോവിഡ്-19 വാക്‌സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഔദ്യോഗികമായി എന്ന് എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീൽഡ് വാക്‌സീൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വാക്‌സിൻ എടുക്കുന്നതിന് ആശങ്ക വേണ്ട. ചിട്ടയായ വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി

Also Read: നിർഭയ സെൽ പ്രവർത്തനങ്ങൾ അടുത്തറിയാൻ ബസ് ബ്രാന്റിംഗ്

കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശമനുസരിച്ച് മുൻഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവർക്കാണ് വാക്‌സിൻ ആദ്യം നൽകുക. പിന്നീട് വാക്‌സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളിൽ നടന്നിട്ടുണ്ട്. വാക്‌സിൻ കിട്ടി കഴിഞ്ഞാൽ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവർത്തകർക്ക് ശേഷം വയോജനങ്ങളാണ് മുൻഗണന ലിസ്റ്റിലുള്ളത്. അവർക്ക് കൊടുക്കണമെങ്കിൽ 50 ലക്ഷത്തോളം വാക്‌സിൻ വേണ്ടിവരും. നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വാക്‌സിൽ കേന്ദ്രം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button