വള്ളിക്കുന്ന്: വള്ളിക്കുന്നിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. ഇന്ന് രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ അവലോകന യോഗമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉള്ളിശ്ശേരി വിനോദ്, ഉള്ളിശ്ശേരി മോഹനന്‍ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോൺഗ്രസ് നേതാക്കളായ ടി.പി. ഗോപിനാഥ്, അജീഷ്, വീക്ഷണം മുഹമ്മദ് എന്നിവരുടെ സാനിധ്യത്തിലാണ് സംഘര്‍ഷം അരങ്ങേറിയത്.ഇതിനിടയിൽ ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി അരിയല്ലൂര്‍ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന വിനോദിനെയും മോഹനനേയും കുറച്ചാളുകൾ സംഘം ചേർന്നെത്തി ആക്രമിക്കുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ തേഞ്ഞിപ്പലം പഞ്ചായത്തില്‍നിന്ന് സ്ഥാനാർഥിയെ നിര്‍ത്തിയതിനെക്കുറിച്ച് യോഗത്തിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങൾ കയ്യാങ്കളിയിലാകുകയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളിൽ തുടങ്ങിയ വാക്ക് തർക്കങ്ങൾ പിന്നീട് തെരുവിൽ ചേരിതിരിഞ്ഞുള്ള അക്രമമായി മാറുകയായിരുന്നു.
Post Your Comments