Latest NewsNewsIndia

അക്രമി കുട്ടിയ്ക്ക് നേരെ തോക്കു ചൂണ്ടി ; അമ്മ ഹൃദയാഘാതം വന്നു മരിച്ചു

പ്രതികളുടെ കുടുംബവും മരിച്ച യുവതിയുടെ കുടുംബവും അടുത്തടുത്ത വീടുകളിലാണ് താമസിയ്ക്കുന്നത്

ഭോപ്പാല്‍ : അക്രമി കുട്ടിയ്ക്ക് നേരെ തോക്കു ചൂണ്ടുന്നത് കണ്ട അമ്മ ഹൃദയാഘാതം വന്ന് മരിച്ചു. ബുധനാഴ്ച രാത്രി ഭോപ്പാലിലെ ബൈറാഗഡിലാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് തര്‍ക്കമുണ്ടായതെന്നാണ് കുട്ടി പറയുന്നത്. സംഭവത്തില്‍ മനീഷ് ഓച്ചനി, ഭാര്യ സോനല്‍, പിതാവ് വീരുമാല്‍ അഹൂജ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

പ്രതികളുടെ കുടുംബവും മരിച്ച യുവതിയുടെ കുടുംബവും അടുത്തടുത്ത വീടുകളിലാണ് താമസിയ്ക്കുന്നത്. മനീഷിന്റെ വീട്ടില്‍ എത്തിയവര്‍ മരിച്ച ദീപയുടെ വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പോകുകയായിരുന്നു. വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടണമെന്ന് 14-കാരന്‍ മനീഷിനോട് ആവശ്യപ്പെട്ടതോടെ തര്‍ക്കം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വെടിവെച്ചു കൊല്ലുമെന്ന് മനീഷ് പറഞ്ഞ് തോക്കെടുത്തു. ഇത് കണ്ടതോടെ 14-കാരന്റെ അമ്മ ദീപ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും സൗകര്യങ്ങളില്ലെന്നു പറഞ്ഞ് ചികിത്സ നിഷേധിച്ചു. അവസാനം മൂന്നാമതായി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ദീപ മരിച്ചിരുന്നു.

തുടര്‍ന്ന് 14കാരനും അമ്മാവനും ചേര്‍ന്ന് ബൈറാഗഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മനഃപൂര്‍വ്വമുള്ള ദേഹോപദ്രവത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, കുട്ടിയ്ക്ക് നേരെ ചൂണ്ടിയത് കളിത്തോക്കാണെന്നാണ് പ്രതിയായ സോനലിന്റെ വാദം. ദീപയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ മുഖ്യപ്രതിയായ മനീഷ് ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button