ന്യൂഡല്‍ഹി : ഹിന്ദുവായൊരുവന് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാന്‍ കഴിയില്ലെന്നും ഒരാള്‍ ഹിന്ദുവാണെങ്കില്‍ അവന് ദേശസ്നേഹിയായിരിക്കുമെന്നും അതായിരിക്കും അവന്റെ അടിസ്ഥാന സ്വഭാവമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജെ.കെ ബജാജും എം.ഡി ശ്രീനിവാസും ചേര്‍ന്ന് രചിച്ച ‘മേക്കിങ് ഓഫ് എ ഹിന്ദു ; ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ്’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ആധികാരിക പണ്ഡിത ഗവേഷണ രേഖയായാണ് മോഹന്‍ ഭാഗവത് ഈ പുസ്തകത്തെ വിശേഷിപ്പിച്ചത്. തന്റെ ദേശസ്നേഹം ഉത്ഭവിച്ചത് തന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ധര്‍മ്മം കേവലം മതത്തെ അര്‍ത്ഥമാക്കുന്നില്ലെന്നും അത് മതത്തേക്കാള്‍ വിശാലമാണെന്നും ഭാഗവത് പറഞ്ഞു. തന്റെ മാതൃരാജ്യത്തോടുള്ള സ്നേഹം ആത്മീയതയില്‍ നിന്ന് ഉത്ഭവിക്കുന്നതിനാല്‍ തന്റെ ധര്‍മ്മവും ദേശസ്നേഹവും വ്യത്യസ്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
” ആരെങ്കിലും ഹിന്ദുവാണെങ്കില്‍, അവന് ദേശസ്നേഹിയാകണം. അതായിരിക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അടിസ്ഥാന സ്വഭാവവും പ്രകൃതവും. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ ദേശസ്നേഹത്തെ ഉണര്‍ത്തേണ്ടി വരും. പക്ഷേ ഹിന്ദുവായൊരുവന് ഒരിക്കലും ഇന്ത്യാ വിരുദ്ധനാകാന്‍ കഴിയില്ല. തന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരാള്‍ ആ ഭൂമിയെ മാത്രം സ്നേഹിക്കുന്നു എന്നല്ല അര്‍ഥമാക്കുന്നത്. അവിടുത്തെ ജനത, നദികള്‍, സംസ്കാരം, പാരമ്പര്യങ്ങള്‍, എല്ലാം അര്‍ത്ഥമാക്കുന്നു” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments