വിളവൂർക്കൽ : കരമനയാറിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാ ബോർഡ് സ്ഥാപിച്ചു. പെരുകാവ് കണ്ടൻ ശാസ്താക്ഷേത്രത്തിനു പിന്നിലെ കടവിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ക്രിസ്മസ് തലേന്ന് രണ്ടു കുട്ടികളിവിടെ മുങ്ങിമരിച്ചതോടെ ഇതുവരെ കരമനയാറിൽ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇതോടെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചത്.
പെരുകാവ് കണ്ടൻ ശാസ്താക്ഷേത്രത്തിനു പിന്നിലെ കുളിക്കടവിൽ ആഴക്കുറവാണ്. ഇവിടെ ആയിരുന്നു പൊതുവെ ആളുകൾ കുളിക്കാൻ ഇറങ്ങിയിരുന്നത്. എന്നാൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ പടിക്കെട്ടു കെട്ടുകയും ഇതിനായി കരയിടിച്ച് മണ്ണ് ആറ്റിലേക്കു നീക്കുകയും കരിങ്കല്ല് വെള്ളത്തിലിടുകയും ചെയ്തു. ഇതോടെ കടവിലിറങ്ങുന്നവർക്ക് കരിങ്കല്ലുകൊണ്ട് മുറിവേൽക്കാനും തുടങ്ങി.
ഇതിനെ തുടർന്നാണ് ഈ കടവ് ഉപേക്ഷിച്ച് സമീപത്തെ പാറയ്ക്കു സമീപത്ത് ആളിറങ്ങാൻ തുടങ്ങിയത്. അവിടെ ആഴക്കൂടുതൽ ഉള്ളതുകൊണ്ട് ആളുകൾ അപകടത്തിൽപ്പെടുന്നത് പതിവായതായും നാട്ടുകാർ പറയുന്നു.
Post Your Comments