തിരുവനന്തപുരം: കേരള നായിക ഡിജിപി ശ്രീലേഖയ്ക്ക് ഇന്ന് ആരവങ്ങളില്ലാത്ത പടിയിറക്കം. സാധാരണ കുടുംബത്തില്‍ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയര്‍ന്ന്, ഇന്ത്യന്‍ പോലീസ് സര്‍വീസിലെത്തി മലയാളി പെണ്‍കുട്ടികള്‍ക്ക് കണ്ടുപഠിക്കാനുള്ള പാഠമായി മാറിയ കേരളത്തിലെ ആദ്യത്തെ വനിതാ ഡി.ജി.പി ആര്.ശ്രീലേഖ ഇന്ന് വിരമിക്കും.
1987ല്‍ ഇരുപത്തിയാറാം വയസില്‍ ശ്രീലേഖ ഐ.പി.എസ് നേടിയപ്പോള്‍ അതൊരു പുതിയ ചരിത്രവും റെക്കോഡുമായിരുന്നു. കേരളത്തിലെ ആദ്യ ഐ.പി.എസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങള്‍ മറികടന്ന്, മൂന്നു ജില്ലകളില്‍ പൊലീസിനെ നയിച്ചു. സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷക, ഇന്റലിജന്‍സ് മേധാവി, ജയിലുകളുടെ ആദ്യ വനിതാ മേധാവി. ഏല്‍പ്പിച്ച പദവികളിലൊക്കെ തിളങ്ങി ഫയര്‍ഫോഴ്സ് മേധാവിയായാണ് പടിയിറക്കം. ഇതിനിടെ, സാമൂഹ്യസേവനത്തിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും തിളങ്ങി. ഐ.പി.എസ് അസോസിയേഷന് അദ്ധ്യക്ഷ കൂടിയാണ്. കഴിഞ്ഞ ജൂണില്‍ ഡി.ജി.പിയായ ശ്രീലേഖ ഏഴു മാസം ഡി.ജി.പി പദവിയിലിരുന്നു.
Read Also: പുതിയ കാര്‍ഷിക നിയമം നിര്‍മ്മിക്കും; കേന്ദ്രത്തിനെതിരെ പിണറായി സർക്കാർ
എന്നാൽ പതിനാറാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ് കരുത്താര്‍ജ്ജിച്ചത്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ പാട്ട്,നാടകം, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയിലെ താരമായിരുന്നു. തിരുവനന്തപുരം വനിതാകോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്നോയില്‍ നിന്ന് എം.ബി.എ എന്നിവ നേടി. ആദ്യം വിദ്യാധിരാജ കോളേജില്‍ അദ്ധ്യാപികയായിരുന്നു. രാജിവച്ച് റിസര്‍വ് ബാങ്കില്‍ ജോലിചെയ്യവേ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ഐ.എ.എസായിരുന്നു മോഹമെങ്കിലും കാക്കിയണിയാനായിരുന്നു യോഗം.
1988ല്‍ കോട്ടയത്ത് എ.എസ്.പിയായി, 1991ല്‍ ആദ്യ വനിതാ എസ്.പിയായി തൃശൂരില്‍. വിജിലന്‍സിലായിരുന്നപ്പോള്‍ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് എം.ഡിയായി. നാലുവര്‍ഷം സി.ബി.ഐയിലും തിളങ്ങി. വിജിലന്‍സ് അഡി.ഡി.ജി.പിയായിരിക്കെ, കണ്‍സ്യൂമര്‍ഫെഡിലെ കോടികളുടെ അഴിമതി കണ്ടെത്തി. 2014ല്‍ ഗതാഗത കമ്മിഷണറായിരിക്കെ, റോഡ് അപകടനിരക്കില്‍ റെക്കാഡ് കുറവുണ്ടാക്കി. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കിയ റോഡ് സുരക്ഷാ ഹെക്കാത്തോണ്‍ ശ്രദ്ധേയമായിരുന്നു.
സ്ത്രീസുരക്ഷയ്ക്കുള്ള പോലീസിന്റെ നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസറായിരുന്നു. നിര്‍ഭയ പദ്ധതിക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്കാതിരുന്നപ്പോള് അതിനെതിരെയും ശ്രീലേഖ രംഗത്തെത്തി. നിര്‍ഭയ പദ്ധതി കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഒരു ജിഷ ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞു. കാക്കിക്കുള്ളിലെ കലാകാരി കൂടിയാണ് ശ്രീലേഖ. എഴുത്തും പാട്ടും നാടകവുമെല്ലാം വഴങ്ങും. മൂന്ന് കുറ്റാന്വേഷണങ്ങളടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീലേഖയുടെ പോലീസിലെ അനുഭവകഥകള്‍ പിന്നീടുവന്ന വനിതാ ഉദ്യോഗസ്ഥര്‍ക്ക് പാഠമായി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഫെലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. പീഡിയാട്രിക് സര്ജന് ഡോ.സേതുനാഥാണ് ഭര്‍ത്താവ്. മകന് ഗോകുല്‍നാഥ്.
Post Your Comments