തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച യുവതിക്കും കുടുംബത്തിനും നേരെ സിപിഎം ആക്രമണം. കൊട്ടിയൂർ പാലുകാച്ചിയിലാണ് സംഭവം. പട്ടികജാതി കുടുംബത്തിന് നേരെയാണ് സി പി എം ആക്രമം അഴിച്ച് വിട്ടത്. സംഭവത്തിൽ ഗർഭിണിയായ യുവതി അടക്കമുള്ളവർക്ക് പരിക്കേറ്റു.
അനീഷിന്റെ കുടുംബമാണ് സിപിഎമ്മിന്റെ അക്രമങ്ങളിൽ പേടിച്ച് കഴിയുന്നത്. അനീഷിന്റെ സഹോദരി അശ്വതി ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം അനീഷിന്റെ ഗർഭിണിയായ ഭാര്യയെയും സഹോദരിയെയും വരെ സിപിഎമ്മുകാർ ആക്രമിച്ചിരുന്നു.
Also Read: കാറ്ററിംഗ് സ്ഥാപന ഉടമ ജീവനക്കാരനെ അടിച്ചു കൊലപ്പെടുത്തി
എട്ട് മാസം ഗർഭിണിയാണ് അനീഷിന്റെ ഭാര്യ ടീന. ആ പരിഗണന പോലും നൽകാതെയാണ് സിപിഎമ്മുകാർ ഇവരെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ഒരാഴ്ചയോളം ടീന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനീഷിനെ കൊന്ന് കളയുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി.
ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിന് ഇരുമ്പ് വടി കൊണ്ട് അടിച്ചായിരുന്നു സി പി എം പ്രതികാരം തീർത്തത്. അടിയിൽ അശ്വതിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഊരുവിലക്കിന് സമാനമായ സാഹചര്യമാണ് ഇവർ ഇവിടെ നേരിടുന്നത്. തുടർച്ചയായ ആക്രമണങ്ങളിൽ ഭയന്ന് കേന്ദ്ര പട്ടികജാതി കമ്മീഷനടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഇത്രയും വലിയ സംഭവം നടന്നിട്ടും പൊലീസ് ആരേയും പിടികൂടിയിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.
Post Your Comments