പനാജി : ഗോവയില്‍ കഞ്ചാവ് കൃഷി നിയമ വിധേയമാക്കാന്‍ ഒരുങ്ങുന്നു. മരുന്നു നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പില്‍ നിന്നു നിര്‍ദ്ദേശം ലഭിച്ചതായി ഗോവ നിയമമന്ത്രി നിലേഷ് കബ്രാള്‍ പറഞ്ഞു. നിര്‍ദ്ദേശം നിയമ വകുപ്പ് പരിശോധിച്ചെങ്കിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസും അനുകൂല മറുപടി തരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും കഞ്ചാവ് ഔദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ മാത്രം എന്തിനാണ് അതു തടയുന്നത്. അര്‍ബുദത്തിന്റെ അവസാനഘട്ടത്തിലടക്കം കഞ്ചാവ് മരുന്നായി ഉപയോഗിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാര്‍ ലൈസന്‍സ് പോലെ തന്നെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭാംഗ് എന്നറിയപ്പെടുന്ന കഞ്ചാവിന്റെ ഒരു വകഭേദമായ ചെടികള്‍ കൃഷി ചെയ്യാനും വില്ക്കാനുമുള്ള ലൈസന്‍സ് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നു നിര്‍മാണത്തിനാവശ്യമായ കഞ്ചാവ് കൃഷി മാത്രം നടപ്പാക്കാനുള്ള നിര്‍ദ്ദേശമാണു തനിക്കു മുന്നിലുള്ളതെന്നും ഉത്പാദിപ്പിക്കുന്ന കഞ്ചാവ് മരുന്നു കമ്പനികള്‍ക്കു നേരിട്ട് എത്തിക്കുകയായിരിക്കും ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments