തിരുവനന്തപുരം : ആറ് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയായ കേരളത്തിലെ ഏറ്റവും വലിയ ശിവരൂപം വിസ്മയമാകുന്നു. വിഴിഞ്ഞം ആഴിമല കടല്‍ത്തീരത്താണ് അദ്ഭുതം സൃഷ്ടിച്ചു കൊണ്ട് ഈ ശിവരൂപം ഉയര്‍ന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഈ ശിവരൂപം പണി കഴിപ്പിച്ചത്. ആഴിമല ശിവക്ഷേത്രത്തിനും കടല്‍ തീരത്തിനും മധ്യത്തെ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലാണ് ശിവരൂപം സ്ഥാപിച്ചിരിക്കുന്നത്.
ശിവരൂപം പണി തീര്‍ത്തത് പ്രദേശവാസിയും ശില്പകലയിലെ ബിരുദധാരിയുമായ ദേവദത്തനാണ്. ജഡ അഴിച്ചിട്ട് മുഖം ഉയര്‍ത്തി പാറയുടെ പുറത്ത് ഇരിയ്ക്കുന്ന രീതിയിലാണ് 58 അടിയുള്ള ശിവരൂപം. ജഡയില്‍ ഗംഗാദേവിയെ കുടിയിരുത്തിയിട്ടുണ്ട്. നാല് കൈകളില്‍ ഒന്നില്‍ ത്രിശൂലവും, വലം കൈയ്യില്‍ ഉടുക്കും, മറ്റൊരു കൈ തുടയില്‍ വെച്ചിരിക്കുന്ന നിലയിലും, മറ്റൊന്ന് ജഡയില്‍ ചൂടിയുമാണ് കാണപ്പെടുന്നത്. കഴുത്തില്‍ നാഗവും രുദ്രാക്ഷവും തലയോട്ടികളിലുമുള്ള മാലകളുമുണ്ട്.
കാറ്റിന്റെ ഗതി മനസിലാക്കി കോണ്‍ക്രീറ്റിലാണ് ഈ ശിവരൂപം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ദ്ധനാരീശ്വര രൂപവും, ശിവന്റെ ശയന രൂപവും ഇതില്‍ കാണാം. ക്ഷേത്ര ഐതിഹ്യവും ശിവരൂപത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാന മണ്ഡപവും ഒരുങ്ങുന്നുണ്ട്. ശിവരൂപത്തിനു വശത്തെ ചെറു ഗുഹാകവാടത്തിലൂടെ പ്രവേശിച്ചു 27 പടിക്കെട്ടുകളോടെയാണ് ഇതിലേക്കുള്ള വഴി. ധ്യാനമണ്ഡപം മുതല്‍ ശിവരൂപം വരെ തറനിരപ്പില്‍ നിന്നുള്ള ഉയരം 78 അടിയാണ്.
Post Your Comments