ബംഗളുരു : കന്നുകാലി മാംസം കഴിക്കുന്നതിൽ നിന്നും തന്നെ ആർക്കും തടയാൻ സാധിക്കില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ.ഒരാളുടെ ഭക്ഷണരീതികൾ അയാളുടെ അവകാശമാണെന്നും കന്നുകാലി മാംസം ഇഷ്ടമുള്ള ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ കന്നുകാലി മാംസം കഴിക്കുമെന്ന് അസംബ്ലിയിലും പറഞ്ഞിട്ടുള്ള കാര്യമാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്? എന്റെ ഭക്ഷണ രീതി എന്റെ അവകാശമാണ്. നിങ്ങള്‍ എന്തിനാണ് അതിനെ ചോദ്യം ചെയ്യാൻ നോക്കുന്നത്? നിങ്ങളാരും കഴിക്കണം എന്ന് ഞാന്‍ ശാഠ്യംപിടിക്കുന്നില്ലല്ലോ’-സിദ്ധരാമയ്യ ചോദിച്ചു.
2012ലെ ഗോവധ നിരോധന നിയമപ്രകാരം ഗോവധവും ബീഫ് വിൽപ്പനയും നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
ബംഗളൂരുവില്‍ ഗോവധ നിരോധന നിയമം പാസാക്കിയതിന് പിന്നാലെ തന്റെ പാര്‍ട്ടിയിലുള്ളവര്‍ പോലും അതിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് കേട്ട് നിശബ്ദരായി ഇരിക്കുന്നവരാണ് തങ്ങളുടെ ഒപ്പം ഉള്ളവർ. ഇത്തരം സാഹചര്യങ്ങളില്‍ യാതൊരുവിധ ആശയക്കുഴപ്പങ്ങളിലേക്കും പോകാതെ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഗോവധ നിരോധന നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രായമായ തങ്ങളുടെ കന്നുകാലികളെ കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടതെന്ന് കൂടി പറഞ്ഞുതരണമെന്നും അദ്ദേഹം പറഞ്ഞു. കന്നുകാലുകളെ നോക്കുവാന്‍ പ്രതിദിനം കുറഞ്ഞത് 100 രൂപയെങ്കിലും വേണമെന്നും ഈ പണം അവർക്ക് ആര് നല്‍കുമെന്ന് ഇതിനെ ആരാധിക്കുന്നവര്‍ പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments