തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ പൊലീസുകാരേ നിങ്ങള്‍ അറിയണം, കാഞ്ഞിരപ്പള്ളിയിലെ ഈ എസ്ഐ ചെയ്ത കാര്യം.
മൂന്ന് വര്‍ഷം മുമ്പ് നടന്ന ഒരു കുടിയൊഴിപ്പിക്കലിന്റെ ഓര്‍മ്മയിലാണ് കാഞ്ഞിരപ്പള്ളിയിലെ ജനങ്ങള്‍. വിധവയും രോഗിയുമായ വീട്ടമ്മയെയും ഏക മകളെയും കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കേണ്ടിവന്നപ്പോള്‍, അതിനെ മാതൃകാപരമായ രീതിയിലാണ് കാഞ്ഞിരപ്പള്ളി പൊലീസ് കൈകാര്യം ചെയ്തത്.
Read Also : കുത്തുകേസ് പ്രതികള്‍ക്ക് ഉത്തരകടലാസ് എത്തിച്ച് നല്‍കിയ അബ്ദുള്‍ലത്തീഫിന് പ്രൊഫസറായി നിയമനം
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുകയും അതേസമയം, നിരാലാംബരായ ആ കുടുംബത്തിന് സുരക്ഷയൊരുക്കുകയും ചെയ്താണ് കാഞ്ഞിരപ്പള്ളി പൊലീസ് മാതൃകയായത്. അന്നത്തെ എസ്.ഐ അന്‍സല്‍ അതിന് നേതൃത്വം നല്‍കിയപ്പോള്‍ തൈപ്പറമ്പില്‍ ബബിത ഷാനവാസ് എന്ന വീട്ടമ്മയും സൈബ എന്ന മകളും വീടിന്റെ സുരക്ഷയിലേക്ക് ചേക്കേറി. ജപ്തി നടപടിക്ക് സ്‌റ്റേ ലഭിക്കാതെ വന്നപ്പോള്‍ രോഗിയായ ബബിതയെയും മകളെയും ആദ്യം വാടക വീട്ടിലേക്ക് മാറ്റിയ പൊലീസ് പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അവര്‍ക്ക് സ്വന്തം വീടൊരുക്കി നല്‍കുകയായിരുന്നു.
2017 മാര്‍ച്ച് 20നാണ് ബബിതയെയും മകളെയും പൂതക്കുഴിയിലെ ഒറ്റമുറി വീട്ടില്‍ നിന്ന് പൊലീസിന് കുടിയൊഴിപ്പിക്കേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച കേസിനെ തുടര്‍ന്ന് ഇവരെ കുടിയൊഴിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ പൊലീസ് സഹായം തേടിയ കോടതി ജീവനക്കാര്‍ക്കൊപ്പം ബബിതയുടെ വീട്ടിലെത്തിയപ്പോളാണ് അവരുടെ ദൈന്യത അന്‍സലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടച്ചുറപ്പില്ലാത്ത, വൈദ്യുതി പോലുമില്ലാത്ത ആ വീട്ടില്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു രോഗിയായ ബബിത. അന്ന് 14 വയസ്സായിരുന്നു മകള്‍ സൈബക്ക്.
അന്ന് കുടിയൊഴിപ്പിക്കാതെ അവരുടെ അവസ്ഥ കോടതിയെ അറിയിക്കാമെന്ന വാക്ക് നല്‍കിയാണ് അന്‍സലും സംഘവും മടങ്ങിയത്. എന്നാല്‍, നിര്‍ബന്ധമായും ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കാന്‍ പൊലീസ് വീണ്ടും വീട്ടിലെത്തിയപ്പോള്‍ ഹൈകോടതിയില്‍ നിന്ന് സ്‌റ്റേ ഉത്തരവ് ലഭിക്കുമെന്നായിരുന്നു ബബിതയുടെ പ്രതീക്ഷ. എന്നാല്‍, അതും അസ്ഥാനത്തായപ്പോള്‍ പൊലീസിന് കുടിയൊഴിപ്പിക്കല്‍ നടപടിയിലേക്ക് കടക്കേണ്ടി വന്നു.
എഴുന്നേല്‍ക്കാന്‍ കഴിയാത്ത ബബിതയെ കിടക്കയോടെ എടുത്ത് ആംബുലന്‍സില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തുകയാണ് പൊലീസ് ആദ്യം ചെയ്തത്. ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ബബിതയെയും മകളെയും വാടക വീട്ടിലേക്ക് മാറ്റി.
ബബിതയുടെ വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. അവര്‍ അക്കൗണ്ടില്‍ ഇട്ട പൈസ കൊണ്ട് അഞ്ച് സെന്റ് ഭൂമി വാങ്ങിച്ചു. വീണ്ടും സഹായം ഒഴുകിയെത്തിയപ്പോള്‍ 12 ലക്ഷം രൂപക്ക് വീടും പൂര്‍ത്തിയായി. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എം.എം. മണിയാണ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചത്. സൈബ ഇന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. എ.എസ്. അന്‍സല്‍ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ചിലും.
Post Your Comments